ലൈഫ് മിഷൻ പദ്ധതി: സ്വപ്നക്ക് കമ്മീഷൻ നൽകിയെന്ന് കോൺട്രാക്ടർ

ലൈഫ് മിഷൻ പദ്ധതി: സ്വപ്നക്ക് കമ്മീഷൻ നൽകിയെന്ന് കോൺട്രാക്ടർ

മുഖ്യമന്ത്രിയുടെ മൗനം കാരണം പല ചോദ്യങ്ങളുടെയും ഉത്തരത്തിനായി ഇരുട്ടിൽ തപ്പുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് യഥാർത്ഥത്തിൽ ഇടനിലക്കാരുണ്ടോ ? ഉണ്ടെന്ന് അനുമാനിക്കാനേ നിവർത്തിയുള്ളു .  ഇല്ലന്ന് തറപ്പിച്ചു പറയേണ്ടവരുടെ മൗനം കാരണം ഉണ്ടെന്ന് കരുതാനല്ലേ പറ്റു .

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ കിട്ടയത് സന്ദീപ് വഴിയാണെന്ന് അതിന്റെ കരാറുകാരൻ യൂണിടാക് ഉടമ പറഞ്ഞു . അറബിയോട് സംസാരിച്ചു കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന്  കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വ്യക്തമാക്കി .

ഇതിനു പകരമായി സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി . ഒരു സ്വകാര്യ കരാർ കിട്ടാൻ സാധാരണ കോൺട്രാക്റ്റർ ചെയ്യാറുള്ളത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ഇത് സംബന്ധിച്ച് എൻഐഎയ്ക്ക് മൊഴി നൽകിയതായും  പറഞ്ഞു .

പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷൻ കരാറെന്നും ഇതിൽ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഈപ്പൻ പറയുന്നു. കിട്ടിയ പണമെല്ലാം യു എ ഇ കോൺസലേറ്റിന്റെ അക്കൗണ്ട് മുഖേനയാണ് ലഭിച്ചത് . അതനുസരിച്ചു സ്വപ്ന ചോദിച്ച കമ്മീഷനും നൽകി .

കമ്മീഷൻ നൽകിയതോടെ സ്വപ്നയുമായുള്ള ഇടപാടും തീർന്നു . ഇനി താൻ കൊടുത്ത കമ്മീഷൻ തുക ആർക്കെല്ലാം ഉള്ളതാണെന്നും ആർക്കൊക്കെ കൊടുത്തുവെന്നും തനിക്കറിയില്ല , തനിക്കതു തിരക്കേണ്ട കാര്യവുമില്ലന്നും കരാറുകാരൻ വ്യക്തമാക്കി .

എന്നാൽ ഇത്രയും വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനെക്കുറിച്ച് മിണ്ടുന്നില്ല . അവിടെയാണ് സംശയം . റെഡ് ക്രസന്‍റിന്‍റെ ധാരണാ പത്രം എന്തുകൊണ്ട് പുറത്ത് വിടുന്നില്ല ?

ലൈഫ് പദ്ധതിക്കായി തയ്യാറാക്കിയ ധാരണ പത്രത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതല്ലേ . റെഡ് ക്രെസന്റ് ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് സർക്കാർ പറയുന്നത്. അതിൽ നിന്നാണ്  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയും ചേര്‍ന്ന് ഒരു കോടി രൂപ കമ്മീഷൻ കൈപ്പറ്റിയത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍.

റെഡ് ക്രെസണ്ടുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജീവകാരുണ്യ പ്രവർത്തനമാണ് നടത്തിയതെങ്കിൽ കമ്മീഷൻ നൽകിയത് എന്തിനാണ്. റെഡ് ക്രസന്റിന്റെ കാര്യങ്ങൾ ഇന്ത്യയിലെ അവരുടെ ഏജൻസിയായ റെഡ് ക്രോസിനെ അറിയിക്കാത്തത് എന്തുകൊണ്ടാണ്. ലൈഫ് മിഷന് ഇതുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റല്ലേ .

ലൈഫ് മിഷന്‍ പരസ്യത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് പദ്ധതിയെന്നാണ് പറയുന്നത്. ഇത്രവലിയ തുക ചാരിറ്റി സഹായമായി ലഭിക്കുമ്പോള്‍ വിദേശ മന്ത്രാലയത്തിന്റെ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. അവ പാലിച്ചിട്ടുണ്ടോ ?.

2018-ലെ പ്രളയത്തിന്റെ പേരിൽ മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന സംഘം സർക്കാർ ചിലവിൽ അതായത് ലക്ഷങ്ങൾ ചെലവഴിച്ചാണ് വിദേശത്തേക്ക് പോയത്. ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി വിദേശ യാത്ര നടത്തുന്നതിന് മുമ്ബെ ശിവശങ്കറും സ്വപ്‌നയും വിദേശത്ത് എത്തിയിരുന്നു. എന്തിനാണ് വലിയൊരു ഡീല്‍ നടത്തുമ്ബോള്‍ താല്‍ക്കാലിക ജീവനക്കാരിയായ സ്വപ്നയെ ശിവശങ്കര്‍ കൂടെ കൂട്ടിയത്? അവിടെ എന്താണ് നടന്നത്? ഇവര്‍ ആരൊക്കെയായിട്ടാണ് ചര്‍ച്ച നടത്തിയത്? ഈ ചാരിറ്റിക്ക് മാത്രമുള്ള ചര്‍ച്ചയാണോ നടന്നത്?

പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്വപ്‌നയ്ക്കും ശിവശങ്കറിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇത് വെറും ചാരിറ്റി പ്രവര്‍ത്തനമല്ല. ഇതൊരു ബിസിനസ്സായിട്ടേ കാണാൻ പറ്റുകയുള്ളു . അങ്ങനെയെങ്കിൽ ഈ ബിസിനസിന് സർക്കാർ ചിലവിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള സംഘം ദുബായിക്ക് പോകണമോ ?

അന്ന് ഇതുസംബന്ധിച്ച ധാരണാ പത്രം ഒപ്പുവെച്ച ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച്‌ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു . ആ പോസ്റ്റ് കേൾക്കാം

പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രളയത്തിന്റെ അതിഭീകരമായ അനുഭവങ്ങള്‍ റെഡ്ക്രസന്റുമായി ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് ഉറപ്പു നല്‍കി. അതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തെത്തിയ റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു.

ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ട്. റെഡ്ക്രസന്റ് യുഎഇയില്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവരാണ്. ലോകത്താകെ വിവിധ തരത്തിലുള്ള സഹായം അവര്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യുഎഇ ഭരണാധികാരികള്‍ക്കും റെഡ് ക്രസന്റിനും നന്ദി.

ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി വ്യവസായി എംഎ യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു. ഇതാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത് .

അങ്ങനെയെങ്കിൽ ഇതുമായുള്ള എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ് . മുഖ്യമന്ത്രി എന്തിന് മൗനം പാലിക്കണം . മുഖ്യമന്ത്രി മൗനം പാലിക്കുന്നിടത്തോളം സംശയങ്ങളും ദുരൂഹതകളും കൂടി വരുന്നതല്ലാതെ കുറയുന്നില്ല .

Leave A Reply

error: Content is protected !!