മുഖ്യമന്ത്രി പിണറായി വിജയനോട് : ഇനിയെങ്കിലും ഈ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കു

മുഖ്യമന്ത്രി പിണറായി വിജയനോട് : ഇനിയെങ്കിലും ഈ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കു

മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ പ്രവർത്തകരോടുള്ള ശകാരം സമൂഹ മാധ്യമങ്ങൾ മാത്രമല്ല കേരള ജനതയും ചർച്ച ചെയ്യുന്നു . മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും പ്രതിപക്ഷങ്ങൾ ആരോപണത്തിന്റെയും ആക്ഷേപങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ അഴിച്ചിടുമ്പോൾ എക്കാലവും അതിനെ എതിർത്തു പോന്ന സഹയാത്രികരായ മാധ്യമ പ്രവർത്തകർ പോലും ഈ കാര്യത്തിൽ അസ്സ്വസ്ഥരാണ് .

എന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കേണ്ട എന്നു മുഖ്യമന്ത്രി പറഞ്ഞത് പത്ര സമ്മേളനത്തിൽ പങ്കെടുത്ത  മാധ്യമ പ്രവർത്തകർ മാത്രമല്ല കണ്ടതും കേട്ടതും . പറയണം , എന്തെങ്കിലുമുണ്ടെങ്കില്‍ എണ്ണിയെണ്ണി പറയണം. പഴയ മുഖ്യമന്ത്രിയുടെ കഥകളാണെങ്കില്‍ താങ്കള്‍ എത്രയോ തവണ പറഞ്ഞുകഴിഞ്ഞതാണ് . അതിലിനി എന്താണ് കൂടുതൽ പറയാനുള്ളത്? ചെയ്യാനല്ലേയുള്ളൂ? അതാണെങ്കില്‍ ചെയ്യുന്നുമില്ല.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകരോടും ജനങ്ങളോടും താങ്കള്‍ എന്തിനാണിങ്ങനെ ക്ഷോഭിക്കുന്നത് ? ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണത്തിന്റെ കേന്ദ്രത്തില്‍ കള്ളക്കടത്തു ലോബികളുടെ ഇടനിലക്കാര്‍ എത്തി എന്നതു നേരല്ലേ? താങ്കളുടെ വകുപ്പില്‍ ലക്ഷത്തിലേറെ രൂപ പ്രതിഫലം വാങ്ങുന്ന ജോലിയില്‍ അവര്‍ പിന്‍വാതില്‍ നിയമനം നേടിയില്ലേ? താങ്കളുടെ വിശ്വസ്ത സെക്രട്ടറിയുടെ വിശ്വസ്ത സുഹൃത്തുക്കളായില്ലേ?

അപ്പോള്‍ താങ്കള്‍ ഉത്തരം പറയേണ്ട ചോദ്യമേ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുള്ളു. ഇ എം എസ്സിനോടും നെഹ്റുവിനോടും അഴിമതിയുടെ അടിവേരുകൾ അന്വഷിക്കുകയും ചോദിക്കുകയും ചെയ്ത  പത്രപ്രവര്‍ത്തകരുടെ പിന്മുറക്കാരാണവര്‍.
താങ്കളുടെ ഓഫീസ് താങ്കളെന്ന വ്യക്തിയുടേതല്ല . മുഖ്യമന്ത്രിയുടെ ഓഫീസാണത്. അവിടത്തെ ഓരോ ഫയലിലും താങ്കളുടെ സമ്മതമോ വിസമ്മതമോ കാണണം. അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുതന്നെയാണ് മുഖ്യമന്ത്രി.

ജനങ്ങളുടെ ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം പറഞ്ഞെ മതിയാകു . താങ്കളുടെ സെക്രട്ടറി നടത്തിയ യാത്രകള്‍, അവിഹിത നിയമനങ്ങള്‍ , കരാര്‍ ഒപ്പു വെയ്ക്കലുകള്‍, പിന്‍വാതിലിലൂടെ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടാവും സെക്രട്ടറിയേറ്റില്‍?

പി എസ് സിയെ നോക്കുകുത്തിയാക്കി കണ്‍സള്‍ട്ടന്‍സികള്‍ മുഖേന നിയമിച്ചവ എത്ര കാണും?  നിയമനത്തിന്റെ പേരില്‍ കണ്‍സള്‍ട്ടന്‍സികള്‍ക്കു മാത്രം എത്ര കോടി കൊടുത്തു കാണും? എന്താണ് കണ്‍സള്‍ട്ടന്‍സികളോട് ഇത്ര സ്നേഹം തോന്നാന്‍ കാരണം ? ജനങ്ങളുടെ പണമാണല്ലോ ധൂര്‍ത്തടിക്കുന്നത്? വലിയ പദ്ധതികളോടുള്ള ഭ്രമത്തിനു കാരണം അതിലെ ഇത്തരം വലിയ സാദ്ധ്യതകളാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാൻ പറ്റുമോ ?

കള്ളക്കടത്തു പ്രതികളില്‍ പലരെയും അറിയാത്ത മന്ത്രിമാരും ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും കുറവാണ് . ഇത് എന്തിന്റെ ലക്ഷണമാണ് ? മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും അവരെത്തിയില്ലേ ? യു എ ഇ കോണ്‍സലേറ്റുമായി മന്ത്രിമാരുടെ ബന്ധം എങ്ങനെയാണ് അങ് വിശദീകരിക്കുന്നത്  ? ഉന്നത വിദ്യാഭ്യാസ മന്ത്രി സക്കാത്തു വാങ്ങി ശേഖരിച്ചതും വിതരണം ചെയ്തതും.

ഖുറാന്‍ എന്നു പറഞ്ഞു വന്ന പാര്‍സലുകള്‍ എന്തിന്റെ പേരിലാണ് സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത്? അതില്‍ സ്വര്‍ണമുണ്ടായിരുന്നില്ല എന്ന് എങ്ങനെ തറപ്പിച്ചു പറയാനൊക്കും ? ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ സംശയിക്കാതിരിക്കാന്‍ പറ്റുമോ ?.

കോണ്‍സലേറ്റുമായുള്ള മന്ത്രി ജലീലിന്റെ ബന്ധം പ്രോട്ടോകോള്‍ ലംഘനമാണ്. ആ ബന്ധത്തിന്റെ പേരില്‍ ചെയ്ത കാര്യങ്ങള്‍ കടുത്ത നിയമ ലംഘനങ്ങളുമാണ്  . അങ് ജലീലിനോട് വിശദീകരണം ചോദിച്ചുവോ ?

കള്ളക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുള്ള മന്ത്രിമാര്‍ വേറെയും ഉണ്ടെന്നു കേള്‍ക്കുന്നു. അതിനെ ക്കുറിച്ച് അങ് അന്വേഷിച്ചുവോ ? ഇതൊക്കെ എന്‍ ഐ എ അന്വേഷിച്ചുകൊള്ളും എന്നു ജനങ്ങളോടു പറയരുത്. ഇതൊക്കെ അന്വഷിക്കാനുള്ള വിപുലമായ സംവിധാനം ഇന്ന് കേരളാ സർക്കാരിനുണ്ട് .

അങ്ങയുടെ ഓഫീസിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനു മുന്നിലും കലി തുള്ളുന്നത് എന്തിനാ  ? പഴയ മുഖ്യമന്ത്രിയാണ് താങ്കളുടെ രക്ഷാ കവചമെന്നു പറയുന്നത് എന്തൊരു നാണക്കേടാണ് ? കേരളത്തിലെ ജനങ്ങള്‍ നാലു വര്‍ഷം മുമ്പ് തിരസ്കരിച്ചതാണ് താങ്കള്‍ ഇപ്പോഴും രക്ഷയ്ക്കു കൊണ്ടു നടക്കുന്ന പഴയ മുഖ്യമന്ത്രി യെന്ന കവചം .

അതുകൊണ്ട് പഴയ വൃത്തികെട്ട കഥകള്‍കൊണ്ട് പുതിയ കൊള്ളരുതായ്മകള്‍ ഒളിപ്പിക്കാമെന്നു കരുതരുത്. മാധ്യമ പ്രവര്‍ത്തകര്‍ വിരണ്ടുകാണും എന്നു ധരിക്കരുത്. അതുകൊണ്ട് താങ്കള്‍ ഒഴിഞ്ഞു മാറേണ്ടതില്ല. താങ്കളുടെ ഓഫീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൃത്തികെട്ട കഥകളല്ല ശരിയായ ഉത്തരമാണ് വേണ്ടത്.

അല്ലാതെ എന്തിനും ഏതിനും മാധ്യമ പ്രവർത്തകരുടെ നെഞ്ചത്ത് കയറുന്നത് ശരിയല്ല . അവർ ആരുടേയും വീട്ടുപണിക്കാരല്ല , അവർ സത്യങ്ങളുടെ പുറകെ പോകും , അവർക്ക് സ്വതത്രമായി പ്രവർത്തിക്കാൻ അനുവാദം കൊടുക്കുകയാണ് വേണ്ടത് .

കഴിഞ്ഞ നാലുവർഷമായി അതായത് തുടക്കം മുതൽ അവരെ അകറ്റി നിർത്താനേ താങ്കൾ ശ്രമിച്ചിട്ടുള്ളു .  പ്രളയം വന്നപ്പോഴും കൊറോണ വന്നപ്പോഴും അവരെ ആവശ്യം വന്നു , അവർ പഴയതെല്ലാം മറന്ന് താങ്കൾക്കൊപ്പം നിന്നു .

ഇപ്പോൾ താങ്കൾ ചെയ്യുന്നത് വിളിച്ചു വരുത്തി ആക്ഷേപിക്കുകയല്ലേ ? വൈകിട്ട് പത്രസമ്മേളനമെന്നു പറഞ്ഞു വിളിച്ചു വരുത്തിയിട്ട് അവരുടെ നെഞ്ചത്ത് കേറുന്നു .

കഴിഞ്ഞ മുഖ്യ മന്ത്രിയെ ഇതിനെക്കാളും രൂക്ഷമായി വിമർശിച്ചപ്പോഴും ഒന്ന് മുഖം കറുത്തു പോലും പറയാതെ തനിക്ക് നേരെ വന്ന എല്ലാ ആരോപണങ്ങളും ചിരിച്ചു കൊണ്ട് ഉത്തരം പറയുകയാണ് ചെയ്തത് . ഇന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അങ്ങനെ തന്നെയാണ് മാധ്യമ പ്രവർത്തകരെ മാത്രമല്ല എല്ലാവരെയും കാണുന്നത് .

അങ്ങയുടെ മുഖത്ത് ചിരി വേണ്ട , ഗൗരവം തന്നെ മതി അതാണ് അങ്ങയെ വ്യത്യസ്തനാക്കുന്നത് . പക്ഷെ അത് വച്ച് മാധ്യമങ്ങളോടും ജനങ്ങളോടും കുതിരകയറാൻ ശ്രമിക്കരുത് . ഇതൊരു അപേക്ഷയല്ല ,അഭിപ്രായമാണ് .

Leave A Reply

error: Content is protected !!