ജലീലിനു വീണ്ടും കുരുക്ക് മുറുകുന്നു : എൻ ഐ എ സംഘം ദുബായിൽ

ജലീലിനു വീണ്ടും കുരുക്ക് മുറുകുന്നു : എൻ ഐ എ സംഘം ദുബായിൽ

മന്ത്രി കെ.ടി.ജലീലിനു വീണ്ടും കുരുക്ക് മുറുകുന്നു . കെ.ടി.ജലീൽ ചെയർമാനായ സി ആപ്റ്റിന്റെ അടച്ചു മൂടിയ ലോറിയിൽ ഡിപ്ലോമാറ്റിക് കാർഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരിൽ 4479 കിലോ കാർഗോ മാർച്ച് 4ന് യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ തിരുവനന്തപുരത്തെത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഇതിൽ 32 പാക്കറ്റാണ് മലപ്പുറത്തെത്തിച്ചത്. ഇതിൽ ദുരൂഹത യുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതിൽ വ്യക്തത വരുത്താൻ ജലീലിനെ ചോദ്യം ചെയ്തേക്കും . ഇതിനായി കസ്റ്റംസ് കേന്ദ്രാനുമതി തേടിയിട്ടുണ്ട്. കോൺസുലേറ്റയച്ച പാഴ്സലുകൾ മലപ്പുറത്തുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. പാഴ്സൽ കടത്തിയ സമയത്ത് സി ആപ്റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെയും ചോദ്യം ചെയ്യും. കാർഗോ മാർച്ചിലാണ് എത്തിച്ചതെങ്കിലും ജൂൺ 18നാണ് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ പാക്കറ്റുകൾ സിആപ്റ്റിലെത്തിച്ചത്.

പാഴ്സലുകൾ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്ത് എത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലക്ക് പോയി. സിആപ്റ്റിലെ ഡ്രൈവറെ ഒഴിവാക്കി പുറമെ നിന്നുള്ള ഡ്രൈവറെയാണ് ഈ യാത്രയ്ക്ക് നിയോഗിച്ചത്. ഇക്കാലയളവിൽ സ്വപ്നയുമായുള്ള ജലീലിന്റെ ഫോൺ വിളികളും അന്വേഷിക്കും. പാഴ്സൽ കടത്തിയതിനു പിന്നാലെ, സിആപ്റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റി നിയമിച്ചതും സംശയത്തിലാണ്.

അതേസമയം സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻ.ഐ.എ സംഘം യു.എ.ഇയിലെത്തി. കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ വിശദമായി ചോദ്യം ചെയ്യുകയാണ്  അന്വേഷണ സംഘത്തിന്റെ ദൗത്യം. എസ്.പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘമാണ് ദുബായിലെത്തിയിരിക്കുന്നത്. ഇന്ത്യയിലെ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുമോയെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻ.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചും  അന്വേഷിക്കും . ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും എൻ.ഐ.എ സംഘം അന്വേഷിക്കും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫൈസലിനെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഫൈസൽ ദുബായിയിൽ കസ്റ്റഡിയിലായെന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതടക്കമുള്ള തുടർനടപടികളെക്കുറിച്ച് അവ്യക്തതയാണുണ്ടായത്.

ഫൈസൽ അറസ്റ്റിലായാൽ സ്വർണക്കടത്ത് കേസിലെ നിർണായക വിവരങ്ങൾ പുറത്താകുമെന്നും പല ഉന്നതരും കുടുങ്ങുമെന്നുമുള്ളതിനാൽ ഫൈസലിനെ നിയമത്തിനും എൻഐഎക്കും മുന്നിൽ വിട്ടുകൊടുക്കാതിരിക്കാനാണ് സ്വർണക്കടത്ത് ലോബി നടത്തുന്ന നീക്കം.

കേരളത്തിൽ ഭരണതലത്തിലുള്ളവർക്കെതിരേ പോലും ആരോപണം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ ഫൈസൽ പിടിയിലായാൽ സംഗതി കൈവിട്ടുപോകുമെന്ന അങ്കലാപ്പിലാണ് ഇതിൽ ഉൾപ്പെട്ടവർ. ഇതുവരെ മറയത്തുനിൽക്കുന്ന പലരും അതുവഴി അകത്താകുമെന്നതാണ് അറ്റകൈ പ്രയോഗത്തിനു സ്വർണക്കടത്തു ലോബിയെ പ്രേരിപ്പിക്കുന്നത്.

വ്യാജസീലുണ്ടാക്കിയതടക്കം ചില കേസുകൾ യുഎഇയിൽ ഫൈസലിനെതിരെയുണ്ട്. അവിടെ കേസുകളുള്ളപ്പോൾ ഇയാളെ ഇന്ത്യയിലേക്കു കൈമാറാൻ നിയമതടസമുണ്ടെന്നാണു സൂചന.

അതേസമയം നേരത്തെ എന്‍.ഐ.എ. യുടെ വ്യാജ ഐ.ഡി. കാര്‍ഡുമായി മലപ്പുറം സ്വദേശി നജീം കൊച്ചിയില്‍ പിടിയിലായ കേസ് കൂടുതല്‍ അന്വേഷിക്കാതെ അവസാനിപ്പിച്ചതിനു പിന്നിലും സ്വപ്‌ന സുരേഷിന്റെ ഇടപെടലെന്നു സൂചന. സ്വപ്‌നയും കെ.ടി. റമീസും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന സംശയം എന്‍.ഐ.എ. പരിശോധിക്കുന്നു .

കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍നിന്നാണു നജീം പിടിയിലായത്. എറണാകുളം സ്വദേശിയായ ഒരു യുവതിയും ഒപ്പമുണ്ടായിരുന്നു. ഒരാഴ്ച താമസിച്ച ഇയാള്‍ ഒരു ദിവസത്തെ വാടക നല്‍കാതെ മുറിയൊഴിയാന്‍ ശ്രമിച്ചപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് മുറി പരിശോധിച്ചപ്പോള്‍ കഞ്ചാവും തോക്കും എന്‍.ഐ.എയുടെ വ്യാജ ഐഡി കാര്‍ഡും കത്തികളുമാണു ലഭിച്ചത്. കാര്‍ഡില്‍ എന്‍.ഐ.എ. ഇന്‍സ്‌പെക്ടര്‍ എന്നാണു രേഖപ്പെടുത്തിയിരുന്നത്. കഞ്ചാവ് കടത്തിയതിന്റെ പേരില്‍ കേസെടുത്തെങ്കിലും തോക്കും എന്‍.ഐ.എയുടെ വ്യാജ ഐ.ഡി. കാര്‍ഡും കൈവശംവച്ചത് ഒഴിവാക്കി. മറ്റു വകുപ്പുകള്‍ ചുമത്താതിരിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായെന്നാണു സൂചന.

നജീമിന്റെ കൈവശമുണ്ടായിരുന്നത് അപായമുണ്ടാക്കുന്ന തോക്കല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാതിരുന്നത്. കഞ്ചാവ് കൈവശംവച്ചകേസില്‍ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും നാലാം ദിവസം ജാമ്യംകിട്ടി പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്നു പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വ്യാജ ഐഡി കാര്‍ഡ് പിടിച്ചെടുത്ത സംഭവത്തിലും അന്വേഷണമുണ്ടായില്ല.

ഗള്‍ഫില്‍നിന്നു വരുമ്പോഴൊക്കെ നജിം ആഡംബര ഹോട്ടലിലാണു താമസിക്കാറ്. കൊച്ചിയിലെ ഹോട്ടലില്‍ പ്രതിദിനം 16,500 രൂപ വാടകയുള്ള മുറിയാണ് എടുത്തിരുന്നത്. വിലയേറിയ കാറിലാണിയാള്‍ ഹോട്ടലിലെത്തിയത്. ആഫ്രിക്കയില്‍ ഉള്‍പ്പെടെ അഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി പാസ്‌പോര്‍ട്ടിലുണ്ട്. നജീമിനെപ്പറ്റി കൂടുതല്‍ അറിയില്ലെന്നാണു വീട്ടുകാര്‍ പറയുന്നത്.

Leave A Reply

error: Content is protected !!