പെട്ടിമുടിയില്‍ മരണം 42 ആയി :16 മൃതദേഹം കൂടി കണ്ടെത്തി; 29 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

പെട്ടിമുടിയില്‍ മരണം 42 ആയി :16 മൃതദേഹം കൂടി കണ്ടെത്തി; 29 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഇടുക്കി പെട്ടിമുടിയില്‍‌ 16 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം 42 ആയി. ഇനിയും 29 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത് സമീപത്തെ അരുവിയില്‍നിന്നാണ് . മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട്ടില്‍ നിന്നും പെട്ടിമുടിയില്‍ എത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

പെട്ടിമുടിയില്‍ മരിച്ച ആറ് വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു . ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതും പരിഗണിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ആദ്യഘട്ട സഹായം മാത്രമാണെന്നും പെട്ടിമുടിയും പെരിയവരൈ പാലവും സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.

കാണാതായവര്‍ക്കായി തിരച്ചില്‍നടത്തുന്ന എന്‍.ഡി.ആര്‍ എഫ് സംഘത്തിന് നേതൃത്വം നല്‍കുന്നത് മലയാളി രേഖ നമ്പ്യാരാണ്. കഴിഞ്ഞ കൊല്ലം പുത്തുമലയിലും കവളപ്പാറയിലും തിരച്ചിലിന് രേഖ നമ്പ്യാര്‍ നേതൃത്വം നല്‍കിയിരുന്നു. തിരച്ചിലിന് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്നു.

അതേസമയം പമ്പാ ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് തുറന്നത് , നാലെണ്ണം കൂടി തുറക്കും. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു .

സംസ്ഥാനത്ത് കനത്തമഴയും വെള്ളക്കെട്ടും തുടരുന്നു. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോരമേഖലയിലും നദികള്‍ക്ക് സമീപവും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു .

അതേസമയം ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും.

തിരുവനന്തപുരത്ത് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ത്തന്നെ സ്ഥിതി ഗുരുതരമാണ്. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞെു. കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്.

വെള്ളംകയറിയ ഭാഗങ്ങളിലെ ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നു. സംസ്ഥാനത്തെ ഡാമുകളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടി പിന്നിട്ടു. വയനാട് ബാണാസുരസാഗര്‍ ഡാമും തുറന്നേക്കും.

Leave A Reply

error: Content is protected !!