സ്വർണ്ണക്കടത്തിലെ "മാഡം" ഒളിവിൽ ; പല ഉന്നതരും നിരീക്ഷണത്തിൽ

സ്വർണ്ണക്കടത്തിലെ ”മാഡം” ഒളിവിൽ ; പല ഉന്നതരും നിരീക്ഷണത്തിൽ

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എന്‍.ഐ.എ. തെരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ”മാഡം” കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ് ഇവര്‍ ഒളിവില്‍ പോയതാണറിവ് .

നഗര ഹൃദയത്തിലെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീക്ക് സ്വര്‍ണക്കടത്തിലെ വമ്പന്മാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായി .

നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കു വില്‍ക്കുന്നതില്‍ ഇവര്‍ക്കു പങ്കുണ്ട്. ഭരണ രംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങള്‍ക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാര്‍ലര്‍ മുഖേനയാണെന്നും സൂചനയുണ്ട്. ഏഴുവര്‍ഷം മുൻപ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി ഇവർ പുതിയ വീടിന്റെ നിര്‍മ്മാണം നടത്തുന്നു. ഒട്ടേറെയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ രംഗത്തു മുന്‍ പരിചയമില്ലാത്ത യുവതി ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ സ്ഥാപനമാരംഭിച്ചതു സ്വര്‍ണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നു അന്വഷണ സംഘം സംശയിക്കുന്നു.

അന്വഷണ സംഘത്തിന്റെ നിഗമനം ശരിയാണെങ്കിൽ ഏറെ പൊട്ടിത്തെറിയിലേക്ക് അന്വേഷണം നീളും. സ്വര്‍ണ്ണകടത്തില്‍ മറ്റൊരു മാഡവും ഉണ്ടെന്ന അഭ്യൂഹം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത് .

സ്വപ്നാ സുരേഷ് നിരവധി ഉന്നതരുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്വപ്നയ്ക്കും നിരവധി ബിനാമി നിക്ഷേപമുണ്ട്. സ്വപ്ന നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച്‌ 23തവണ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തിനുള്ള പ്രതിഫലം സ്വപ്ന പണമായിട്ടും സ്വര്‍ണമായിട്ടുമാണ് കൈപ്പറ്റിയിരുന്നതെന്ന കസ്റ്റംസിന്റെ സംശയം ബലപ്പെടുത്തുന്നതാണ് അവരുടെ ബാങ്ക് ലോക്കറുകളിലെ നിക്ഷേപങ്ങള്‍. ഓരോ ഇടപാടിലും അഞ്ചുമുതല്‍ 15 വരെ ലക്ഷം വരെ സ്വപ്നയ്ക്ക് കിട്ടിയിരുന്നതായാണ് കണ്ടെത്തല്‍.

സെക്രട്ടേറിയറ്റിനടുത്തുള്ള രണ്ടു ബാങ്കുകളിലെ ലോക്കറില്‍ നിന്നാണ് ഒരുകോടി രൂപയും ഒരു കിലോ സ്വർണ്ണവും പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എന്‍.ഐ.എയുടെ നിഗമനം.

സ്വപ്നയുടെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെയും ജോയിന്റ് അക്കൗണ്ടില്‍ തുറന്ന ലോക്കറാണിത്. ലോക്കര്‍ തുറന്നത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ഭര്‍ത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരം ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കില്‍ വീട് നിര്‍മ്മിക്കുന്ന സ്ഥലം സ്വപ്നയുടെ  കുടുംബവകയാണ്.

അച്ഛന്‍ സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വപ്നയ്ക്കു ലഭിച്ചത്.സ്വപ്നയുടെ സൗഹൃദവലയത്തിലുണ്ടായിരുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐടി ഉന്നതരുമെല്ലാം വിദേശത്തെ ബിനാമി നിക്ഷേപ ഇടപാടുകളും ബിസിനസ്സുകളും അവരുമായി നടത്തിയിരുന്നുവെന്നും അന്വഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട് .

ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകളും പല ഉന്നതരും പുറത്തുവരും . കാത്തിരിക്കാം.

Leave A Reply

error: Content is protected !!