പ്രതികളായി പിതാവും സഹോദരനും ജയിലിൽ; 'കൊല്ലപ്പെട്ട' പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം

പ്രതികളായി പിതാവും സഹോദരനും ജയിലിൽ; ‘കൊല്ലപ്പെട്ട’ പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം

ലഖ്​നോ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ കൊല ചെയ്യപ്പെട്ടതായി സംശയിക്കുന്ന പെൺകുട്ടിയെ കുടുംബം ‘ജീവനോടെ’ കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് പിതാവിനെയും സഹോദരനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂവരും കഴിഞ്ഞ 18 മാസമായി ജയിലിൽ കഴിയുകയാണ്​. വേണ്ടത്ര തെളിവില്ലാതെ നിരപരാധികളെ ഇത്രയും കാലം ജയിലിടച്ച അമ്രേഹ പൊലീസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

18 മാസം മുമ്പ് കൊല ചെയ്യപ്പെട്ടതായി കരുതുന്ന കമലേഷി എന്ന പെൺകുട്ടിയെ വീട്ടുകാർ അയൽഗ്രാമമായ പൗരാരയിൽ നിന്നാണ്​ കണ്ടെത്തിയത്​. രാകേഷ്​ എന്ന ആൺസുഹൃത്തിനൊപ്പമാണ്​ കമലേഷി കഴിഞ്ഞിരുന്നത്​. ഇവർക്ക്​ ഒരു കുഞ്ഞുമുണ്ട്​. കമലേഷിയെ ‘കൊലപ്പെടുത്തി’ എന്ന കേസിൽ ജയിലിൽ കഴിയുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും നീതി ലഭിക്കാന്‍ വേണ്ടി കുടുംബം വീണ്ടും ജയിലധികൃതരെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. പെണ്‍കുട്ടിയുടെ മറ്റ് ബന്ധുക്കള്‍ തന്നെയാണ് ആൺസുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്ന പെൺകുട്ടിയെ കണ്ടെത്തിയത്​.

2019 ഫെബ്രുവരി 6 നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ ഇളയ സഹോദരനായ രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. സഹോദരി കമലേഷിയെ കാണാനില്ലെന്നായിരുന്നു രാഹുലിന്‍റെ പരാതി. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസിന്‍റെ കണ്ടെത്തല്‍ ​കമലേഷിയെ പിതാവ്​ സുരേഷും സഹോദരൻ രൂപ്​കിഷോറും സഹായി ദേവേന്ദ്രയും ചേർന്ന്​ കൊലപ്പെടുത്തിയെന്നായിരുന്നു. ഫെബ്രുവരി 18 നാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഒഴിഞ്ഞ സ്ഥലത്ത്​ നിന്ന്​ പെൺകുട്ടിയുടെ വസ്​ത്രങ്ങളും കൊലപാതകത്തിനുപയോഗിച്ച തോക്കും വെടിയുണ്ടയും കണ്ടെടുത്തെന്ന വിശദീകരണവും പൊലീസ് നല്‍കി.

എന്നാല്‍ കമലേഷി ഇപ്പോള്‍ അയൽഗ്രാമമായ പൗരാരയിൽ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത് രാഹുല്‍ തന്നെയാണ്.  സഹോദരി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ്​ കെട്ടിച്ചമച്ച കേസ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍. പൊലീസ്​ ക്രൂര മർദനത്തിനിരയാക്കി ഇവരെ കുറ്റം സമ്മതിപ്പിക്കുകയാണ്​ ചെയ്​തതെന്നും കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നും രാഹുല്‍ ആരോപിക്കുന്നു

Leave A Reply

error: Content is protected !!