സ്വപ്ന സുരേഷിന്റെ നിലപാട് സർക്കാരിനും എം.ശിവശങ്കറിനും തിരിച്ചടി

സ്വപ്ന സുരേഷിന്റെ നിലപാട് സർക്കാരിനും എം.ശിവശങ്കറിനും തിരിച്ചടി

തിരുവനന്തപുരം ∙ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുടെ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചതിന് കിട്ടിയതാണെന്ന സ്വപ്ന സുരേഷിന്റെ നിലപാട് സർക്കാരിനും എം.ശിവശങ്കറിനും തിരിച്ചടിയായി. ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ മുഖ്യമന്ത്രിയുമാണ്. സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്താൻ ശ്രമിച്ച സ്വപ്നയുടെ നീക്കമാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.

2018ൽ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറും ഒപ്പിട്ടു.

ഇൗ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയതിനു സ്വകാര്യകമ്പനി നൽകിയ കമ്മിഷൻ ആണ് ഒരു കോടിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇൗ തുകയാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരിൽ എടുത്ത ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയത്.

സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കർ എടുക്കണമെന്നു നിർദേശിച്ചത് ശിവശങ്കർ ആണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൂടി കമ്മിഷൻ കിട്ടിയെന്ന് സൂചന നൽകുന്ന വെളിപ്പെടുത്തൽ സർക്കാരിനെ വൻ പ്രതിരോധത്തിലാക്കി.

Leave A Reply

error: Content is protected !!