കരിപ്പൂര്‍ അപകടം ;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

കരിപ്പൂര്‍ അപകടം ;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്.

വിമാനം എങ്ങനെ അപകടത്തില്‍ പെട്ടുവെന്ന് കണ്ടെത്താന്‍ ഇതിലെ വിവരങ്ങള്‍ അന്വേഷണ സംഘത്തെ സഹായിക്കും. അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്.

ഈ ഉപകരണങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അപകട കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് സഹായകരമാകും.

രണ്ടുതവണ പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്.

എന്നാല്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് വിമാനം അതീവ വേഗതയിലായിരുന്നുവെന്നും റണ്‍വേയില്‍ അത് നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 18 പേരാണ് മരിച്ചത്.

Leave A Reply

error: Content is protected !!