കരിപ്പൂർ ദുരന്തത്തിൽ മരിച്ചത് 18 പേർ ; പോസ്റ്റ് മോർട്ടം തുടങ്ങി

കരിപ്പൂർ ദുരന്തത്തിൽ മരിച്ചത് 18 പേർ ; പോസ്റ്റ് മോർട്ടം തുടങ്ങി

കോഴിക്കോട്/കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണത്തിലുണ്ടായ അവ്യക്തത മാറി. ആകെ 18 പേരാണ് കരിപ്പൂർ ദുരന്തത്തിൽ മരിച്ചത്. 19 പേർ മരിച്ചെന്ന മന്ത്രി കെടി ജലീലിൻ്റെ പ്രസ്താവനയെ തുടർന്നാണ് മരണസംഖ്യയിൽ ആശയക്കുഴപ്പം ഉണ്ടായത്.

വിവിധ ആശുപത്രികളിലുള്ള മൃതദേഹങ്ങളുടെ വിവരങ്ങൾ വീണ്ടും പരിശോധിച്ചതിൽ ഒരു മൃതദേഹത്തിൻ്റെ കാര്യത്തിൽ സംശയം ഉണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം ചേലമ്പ്ര സ്വദേശിയായ ബീഗ എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. ബീഗ അസുഖം മൂലം മരിച്ചതാണെന്നും കരിപ്പൂർ ദുരന്തവുമായി ബന്ധമില്ലെന്നും വ്യക്തമായതോടെയാണ് മരണസംഖ്യ സംബന്ധിച്ച അനിശ്ചിതത്വം ഒഴിവായത്. ഈ മൃതദേഹം കൂടി കൂട്ടിയാണ് കെടി ജലീൽ മരണസംഖ്യ 19 ആയെന്ന് പ്രഖ്യാപിച്ചത്.

കരിപ്പൂർ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ 11 മണിയോടെ കോഴിക്കോട് മെഡി.കോളേജ് മോർച്ചറിയിൽ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലടക്കം മരണപ്പെട്ടവരുടെ മൃതദേങ്ങൾ ഇതിനോടകം കോഴിക്കോട് മെഡി.കോളേജിൽ എത്തിച്ചിട്ടുണ്ട്.

മരണപ്പെട്ട 18 പേരിൽ 8 പേർ കോഴിക്കോട് സ്വദേശികളാണ്, ആറ് പേർ മലപ്പുറം സ്വദേശികളും. പാലക്കാട് സ്വദേശികളായ രണ്ട് പേരും മരണപ്പെടു. വിമാനം നിയന്ത്രിച്ചിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. നിലവിൽ 149 പേർ ചികിൽസയിലുണ്ട്. 23 പേർ ഡിസ്ചാർജ് ആയി

Leave A Reply

error: Content is protected !!