ജലീലിനെതിരെ കസ്റ്റംസ് :മന്ത്രിക്കസേര തെറിക്കുമോ ?

ജലീലിനെതിരെ കസ്റ്റംസ് :മന്ത്രിക്കസേര തെറിക്കുമോ ?

കസ്റ്റംസ് മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് അയച്ചു . യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധത്തിൽ കസ്റ്റംസിനു ഇനിയും സംശയം വിട്ടുമാറിയിട്ടില്ല . കോൺസുലേറ്റുമായുള്ള ബന്ധത്തിൽ മന്ത്രി മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകിയ വിശദീകരണം കസ്റ്റംസ് വിശ്വസിക്കുന്നില്ല .

ജലീൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ജലീലിനെതിരെ റിപ്പോർട്ട് അയച്ചത് . ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി .

വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കസ്റ്റംസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു . ധനമന്ത്രാലയത്തിൽ ഉള്ള റിപ്പോർട്ടിന്മേൽ കേന്ദ്ര നടപടി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ .

കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്ന് കേന്ദ്രത്തെ കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയത് ഖുറാൻ ആണെന്നാണ് ജലീൽ തറപ്പിച്ചു പറയുന്നത്.

എന്നാൽ ജലീലിന്റെ വാദത്തെ തള്ളികളയുന്നതാണ് കസ്റ്റംസ് റിപ്പോർട്ട്. മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് യു.എ.ഇ അധികൃതർ കൂടി വ്യക്തമാക്കിയതോടെ ജലീലിനെതിരായ കുരുക്ക് മുറുകുകയാണ്.

യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പായ്ക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശസർക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്ന് നിയമമുള്ളപ്പോഴാണ് മന്ത്രി അതിന് മുതിർന്നത്.

ഉള്ളിൽ എന്താണെന്നറിയാതെയാണ് പാഴ്സലുകൾ അയച്ചതെന്ന് ജലീൽ പറയുന്നതും കുറ്റകരമാണെന്ന് നയതന്ത്ര വിദഗ്‌ധർ പറയുന്നു. കസ്റ്റംസ് ജലീലിന് എതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാട് സ്വർണക്കടത്ത് കേസിൽ നിർണായകമാകും.

പ്രിൻസിപ്പൽ സെക്രട്ടറിക്ക് പിന്നാലെ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ കൂടി ആരോപണങ്ങൾ ഉയരുന്നത് സർക്കാരിനെയും സമ്മർദത്തിലാക്കിയിരിക്കുകയാണ്. ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വഷണം പ്രഖ്യാപിച്ചാൽ ജലീൽ മന്ത്രി സഭയിൽ നിന്നും പുറത്തുപോകേണ്ടി വരും .

അത് കേരള സർക്കാരിന് നാണക്കേടുമാകും . ഇപ്പോൾ തന്നെ സർക്കാർ പ്രതിക്കൂട്ടിലാണ് . ആവശ്യത്തിലധികം ആരോപണങ്ങളും ആക്ഷേപങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട് . കോടതിയിൽ സമർപ്പിച്ച സ്വപ്നയുടെ രഹസ്യമൊഴി കൂടി പുറത്തു വരുമ്പോൾ സർക്കാർ കൂടുതൽ പ്രധിരോധത്തിലാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ .

Leave A Reply

error: Content is protected !!