ജാമ്യം താരം, പക്ഷേ രണ്ട് മാസം സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്ന് കോടതി

ജാമ്യം താരം, പക്ഷേ രണ്ട് മാസം സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്ന് കോടതി

ഭോപ്പാല്‍: രണ്ടു മാസം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ജാമ്യവ്യവസ്ഥ മുന്നോട്ടുവെച്ച് മധ്യപ്രദേശ് ഹൈക്കോടതി. അഗ്രികള്‍ച്ചറല്‍ സയന്‍സ് വിദ്യാര്‍ഥിയായ 18-കാരനാണ് വിചിത്രമായ ജാമ്യവ്യവസ്ഥകളോടെ കോടതി ജാമ്യമനുവദിച്ചത്.

ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വിദ്യാര്‍ത്ഥിയെ ജൂണ്‍ 24ന് പൊലീസ് അറസ്റ്റ് ചെയതത്. ജാമ്യാപേക്ഷ കേട്ട കോടതി രണ്ടു മാസം പ്രതി സാമൂഹിക മാധ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുകയായിരുന്നു.

‘അപേക്ഷകന്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് മറ്റു സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍നിന്ന് സ്വയം പിന്‍വാങ്ങണം. വരുന്ന രണ്ടു മാസത്തേക്ക് ഒരു സാമൂഹിക മാധ്യമങ്ങളിലും അപേക്ഷകന്റെ സാന്നിധ്യമുണ്ടായിരിക്കരുത്.’ കോടതി പറയുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ജാമ്യം നല്‍കിയത് പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതി പഠനം പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അഞ്ച് മരങ്ങള്‍ വച്ചുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും സമീപപ്രദേശത്തെ മരങ്ങളെയും പരിപാലിക്കണമെന്നും ഓരോ മൂന്ന് മാസം കൂടുമ്പോഴും മരത്തിന്റെ വളര്‍ച്ച അറിയിക്കണമെന്നുമുള്ള വിചിത്ര നിബന്ധനയോടെയാണ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.

ഇതുകൂടാതെ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യാര്‍ത്ഥി പഠനത്തില്‍ വളരെ മുന്‍പന്തിയിലാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Leave A Reply

error: Content is protected !!