ദേശീയ കൈത്തറി ദിനത്തിൽ സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളിവുഡ്

ദേശീയ കൈത്തറി ദിനത്തിൽ സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളിവുഡ്

ദേശീയ കൈത്തറി ദിനത്തില്‍ സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളിവുഡ് താരസുന്ദരിമാര്‍. ദേശീയ കൈത്തറി ദിനമായ ഇന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായ സ്മൃതി ഇറാനി ഹാന്‍ഡ്‌ലൂം സാരിയും മാസ്‌കും ധരിച്ചാണ് ആഘോഷിച്ചത്. ഒപ്പം ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രത്തിന്റെ ഫോട്ടോ പങ്കുവെയ്ക്കാനും മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

‘കൈത്തറിക്ക് നമ്മുടെ ദൈനംദിന ജീവിതത്തെയും ചുറ്റുപാടുകളെയും പല തരത്തിൽ സമ്പന്നമാക്കാൻ കഴിയും- വസ്ത്രങ്ങളും മാസ്കുകളും മുതൽ അലങ്കാരങ്ങൾ വരെ.. കൈകൊണ്ട് നിർമിച്ചവയെ വീട്ടിൽ കൊണ്ടുവരാം. ഇന്ത്യയുടെ പാരമ്പര്യം ആഘോഷിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, നിങ്ങളോ? നെയ്ത്തുകാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായി നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രത്തിന്റെ ഫോട്ടോ പങ്കുവെയ്ക്കൂ’ എന്ന് പറഞ്ഞാണ് കൈത്തറി സാരിയും മാസ്കും ധരിച്ചുള്ള ഫോട്ടോ സ്മൃതി ഇറാനി ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും പങ്കുവെച്ചത്.

ഇതിനു പിന്നാലെ കൈത്തറി വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ബോളിവുഡ് താരറാണിമാരായ പ്രിയങ്ക ചോപ്ര, വിദ്യാബാലന്‍, കങ്കണ റണാവത്ത്, ജാന്‍വി കപൂര്‍ തുടങ്ങിയവര്‍ രംഗത്ത് എത്തി.

ഇന്ത്യന്‍ കൈത്തറി ഏറെ സവിശേഷവും വൈദഗ്ധ്യം നിറഞ്ഞതാണെന്നും നമ്മുടെ നെയ്ത്തുകാര്‍ക്കും കരകൗശല കലാകാരന്മാര്‍ക്കും പിന്തുണ നല്‍കാമെന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ചോപ്ര കുറിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങി ധരിച്ച് നമുക്ക് നെയ്ത്ത് തൊഴിലാളികളോടുള്ള പിന്തുണ പ്രഖ്യാപിക്കാം. ഇന്ത്യയുടെ കൈത്തറി പാരമ്പര്യം നിലനിര്‍ത്താമെന്നാണ് വിദ്യാ ബാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വൈദ​ഗ്ധ്യത്തിലും സർ​ഗാത്മകതയിലും ലോകത്തിൽ തന്നെ ഏറ്റവും മികച്ചുനിൽക്കുന്നു നമ്മുടെ നെയ്ത്ത് തൊഴിലാളികളെന്ന് ജാൻവി കപൂർ അഭിപ്രായപ്പെട്ടു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി സാരി ധരിച്ചുള്ള ചിത്രം പങ്കുവെച്ചു.

Leave A Reply

error: Content is protected !!