പ്രളയ ഭീതിയിൽ കേരളം :മൂന്നാറിൽ മണ്ണിടിച്ചിലിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

പ്രളയ ഭീതിയിൽ കേരളം :മൂന്നാറിൽ മണ്ണിടിച്ചിലിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

കനത്തമഴയിൽ മൂന്നാറിൽ മണ്ണിടിഞ്ഞു നിരവധിപേർ കുടുങ്ങിക്കിടക്കുന്നു . രാജമല പെട്ടിമുടിയിൽ കണ്ണൻദേവർ എസ്റ്റേറ്റിനോട് ചേർന്ന് എൺപത്തിമൂന്നുപേർ താമസിക്കുന്ന നാല് ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.

ഈ നാലു ലയങ്ങൾ പൂർണമായും ഒലിച്ചുപാേയി എന്നാണ് സമീപവാസികൾ പറയുന്നത്. മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

നിരവധിപേർ കുടുങ്ങിക്കിടക്കുന്നു എന്നും റിപ്പോർട്ടുണ്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വനംവകുപ്പിന്റെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിലും അവർക്ക് ഇവിടേക്ക് എത്തിച്ചേരാനായിട്ടില്ല.

പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തകർക്കുളള പ്രധാന തടസം. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയുളള ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ രണ്ടുമണിക്കൂർ വേണം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.

കനത്ത മഴപെയ്യുന്നതിനാൽ പ്രദേശത്ത് ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായിരിക്കുകയാണ്. ദിവസങ്ങളായി വൈദ്യുതിയും നിലച്ചിരിക്കുകയാണ്. വൻതോതിൽ മണ്ണുമാറ്റാനുളളതിനാൽ ജെ സി ബി ഉൾപ്പടെ എത്തേണ്ടതുണ്ട്.

ജീപ്പുകൾക്ക് മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുക. അപകടസ്ഥലത്തെ പുറംലോകവുമായി ബന്ധിക്കുന്ന പെരിയവര പാലം കഴിഞ്ഞ പ്രളയകാലത്ത് തകർന്നിരുന്നു. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതിനാൽ തന്നെ വാഹനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. രക്ഷാപ്രവർത്തനം ദുഷ്കരമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സമീപത്തെ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകൾ നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയോട് അപകടസ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിലും തൃശൂരും നിന്നുമുളള സംഘങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഇവിടെ മണ്ണിടച്ചിലുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു.

അതിനാൽ ലയങ്ങളിൽ താമസിച്ചിരുന്നവരിൽ ചിലർ ഒഴിഞ്ഞുപോയി എന്നും അറിയുന്നു. മണ്ണിടിഞ്ഞ വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ഇന്നലെ രാത്രിയായിരിക്കാം അപകടമുണ്ടായതെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി . ഇടുക്കിയിൽ തന്നെ മൂന്നാറിന് പുറമെ പീരുമേട്ടിലും,മേലെ ചിന്നാറിലും ഉരുൾപൊട്ടലുണ്ടായി. പീരുമേട്ടിൽ മൂന്നിടത്താണ് ഉരുൾ പൊട്ടിയത്.

ഉരുൾ പൊട്ടലിൽ ആളപായമില്ല. തൂവൽ,പെരിഞ്ചാംകുട്ടി, മേലെ ചിന്നാർ മേഖലകളിൽ ജാഗ്രത നിർദേശം നൽകി. കോഴിക്കോട് വിലങ്ങാട് മലയിലും ഉരുൾപൊട്ടലുണ്ടായി.കല്ലാർകുടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.

പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്.ഏലൂരിലെ 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊന്മുടി ഡാമിന്റെയും ഷട്ടറുകൾ തുറന്നു. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. കബനി നദി കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി.

ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടന്ന് നിലമ്പൂരിൽ വെള്ളം കയറി.നിലമ്പൂർ-ഗൂഡല്ലൂർ പാതയിലെ ഗതാഗതം തടസപ്പെട്ടു. മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വടക്കോട്ട് കാസർകോട് വരെ എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.

ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം കൂടുതൽ അപകടസാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. കേരളതീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Leave A Reply

error: Content is protected !!