സുശാന്ത് സിം​ഗിന്റെ മരണം;തമ്മിലടിച്ച് മഹാരാഷ്ട്രയും ബിഹാറും

സുശാന്ത് സിം​ഗിന്റെ മരണം;തമ്മിലടിച്ച് മഹാരാഷ്ട്രയും ബിഹാറും

ബോളിവുഡ് നടൻ സുശാന്ത് സിം​ഗിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ തമ്മിലടിച്ച് മഹാരാഷ്ട്രയിലെയും ബിഹാറിലെയും പൊലീസ്. അന്വേഷണത്തിൽ ബീഹാറുമായി സഹകരിക്കേണ്ടതില്ലെന്നാണ് മഹാരാഷ്ട്രയുടെ തീരുമാനം. ഇത് സംശയാസ്പദമാണെന്ന് ആരോപിച്ച് ബിഹാർ ഡിജിപി രം​ഗത്തെത്തി.

ബിഹാർ പൊലീസുമായി സഹകരിക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ കേസുമായി ബന്ധപ്പെട്ട ഒരു രേഖയും കൈമാറില്ലെന്ന് നിലപാടെടുത്തത്. ബിഹാർ പൊലീസിൻ്റെ അന്വേഷണത്തിന് നിയമ സാധുത ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര പൊലീസിനും സർക്കാരിനും എതിരെ തുറന്നടിച്ച് ബിഹാർ ഡിജിപി രം​ഗത്തെത്തിയത്.

സുശാന്ത് മരിച്ചിട്ട് അമ്പതു ദിവസം കഴിഞ്ഞു. മഹാരാഷ്ട്ര സർക്കാരിന് തങ്ങളുടെ പൊലീസിനെ കുറിച്ച് അഭിമാനം ഉണ്ടെങ്കിൽ അവർ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. മുംബൈ പൊലീസ് ആശയവിനിമയത്തിനുള്ള എല്ലാ വാതിലും അടച്ചിരിക്കുകയാണ്. പാട്ന എസ്പിയെ നിർബന്ധപൂർവം ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇത് സംശയം ജനിപ്പിക്കുന്നു എന്നും ഡിജിപി ഗുപ്തേശ്വർ പാണ്ഡേ പ്രതികരിച്ചു.

സുശാന്ത് സിം​ഗിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. കേസ് അന്വേഷണത്തിന് മുംബൈയിൽ എത്തിയ ബിഹാർ പൊലീസിനോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോടും സംസാരിക്കണം എന്നും ചിരാഗ് പാസ്വാൻ കത്തിൽ ആവശ്യപ്പെട്ടു.

Leave A Reply

error: Content is protected !!