പടികടന്നുപോയിട്ടും ….. കാലടിശബ്‌ദം അവശേഷിപ്പിച്ചൊരാൾ !

പടികടന്നുപോയിട്ടും ….. കാലടിശബ്‌ദം അവശേഷിപ്പിച്ചൊരാൾ !

ദിവാകരൻ ചോമ്പാല

പൊതു പ്രവര്‍ത്തനത്തിലൂടെ ജീവിതത്തില്‍ സ്ഥാനാമങ്ങളോ, പ്രശസ്‌തിയോ, സാമ്പത്തിക ലാഭമോ ഒന്നും തന്നെ ആഗ്രഹിക്കാത്ത നിസ്വാര്‍ത്ഥ സേവകനായിരുന്നു ചോമ്പാല പ്രദേശത്തെ തട്ടോളിക്കരയിലെ എം.കെ കൃഷ്ണന്‍ മാസ്റ്റര്‍ എന്ന പൊതുപ്രവര്‍ത്തകന്‍ .
ആദർശസുക്ഷ്‌മതയും നിസ്വാർത്ഥസേവനവും കൈമുതലാക്കി തട്ടോളിക്കരയിൽ ജിവിച്ച എം കെ കൃഷ്ണൻ മാസ്റ്റർ വിടവാങ്ങിയത് 2019 ആഗസ്‌ത്‌ 4 ന് . അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികദിനം നാളെ.
ഏതൊരു പ്രവര്‍ത്തിക്കിടയിലും മുഖ്യസഹകാരികളോട് ‘സത്യം വദ ധര്‍മ്മം ചര’ എന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറയാറുള്ള തികച്ചും ഗാന്ധിയനായ കൃഷ്ണന്‍ മാസ്റ്റര്‍ ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയും തികഞ്ഞ ആദര്‍ശവാനുമായിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റും, ജനതാദള്‍ നേതാവും, സഹകാരിയും , കരിയാട് നമ്പ്യാര്‍സ് സ്‌കൂള്‍
മുന്‍ പ്രധാനഅധ്യാപകനുമായിരുന്നു തിരൂകൊയിലോത്ത് എം.കെ കൃഷ്ണന്‍ മാസ്റ്റർ .
മുന്‍നിരയില്‍ ഇടിച്ചു കയറി പ്രവര്‍ത്തിക്കുന്നതിലുപരി പിന്‍നിരയില്‍ നിന്നുകൊണ്ട് സാധാരണയിലും സാധാരണക്കാരനായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു വിജയം നേടിയ കൃഷ്ണന്‍ മാസ്റ്ററെക്കുറിച്ചുള്ള കഥകള്‍ നാട്ടുകാർക്ക് പറയാനേറെ.
കിസാന്‍ ജനത വടകര മണ്ഡലം പ്രസിഡണ്ട് , കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,
ശ്രീ മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രകമ്മിറ്റി പ്രസിണ്ട്, വയലോരം റസിഡന്‍സ് അസ്സോസിയേഷന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സ്‌തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ജനസമ്മതനായ ഈ പൊതുകാര്യ പ്രസക്തൻറെ വേര്‍പാടില്‍ കക്ഷിഭേദം മറന്നുകൊണ്ട് ഇവിടുത്തെ നാട്ടുകാര്‍ ഇന്നും ദുഖിതരാണ് .
ചോമ്പാലയിലും ഏറാമലയിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ഇദ്ദേഹം കെ. കുഞ്ഞിരാമക്കുറുപ്പ് കുന്നുമ്മക്കരയില്‍ കേന്ദ്ര യുവക് സംഘ് രൂപവത്ക്കരിച്ചപ്പോള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
കുണ്ടനിടവഴികളായിരുന്നു തട്ടോളിക്കരയിലെ പല ഭാഗങ്ങളും താറിട്ട റോഡുകളായി മാറിയതിൻറെ പിന്നിൽ കൃഷ്ണൻ മാസ്റ്റർക്കും ഒപ്പം മഞ്ഞത്തുകണ്ടി ആണ്ടിമാസ്റ്റർക്കുമുള്ള പങ്ക് ചെറുതല്ലെന്നുവേണം പറയാൻ .
പല സ്ഥലങ്ങളിലും റോഡ് നിര്‍മ്മാണ കമ്മറ്റിയില്‍ അമരക്കാരനായിരുന്നു ഈ പൊതുസേവകന്‍ .
നിര്‍ധന കുടുംബങ്ങളിലെ രക്ഷാകര്‍ത്താക്കളുടെ വേര്‍പാടില്‍ ദുഖിക്കുന്നവരെ വാക്കുകളിലൂടെ ആശ്വസിപ്പിക്കുന്നത് മാത്രമായിരുന്നില്ല കൃഷ്ണന്‍ മാസ്റ്ററുടെ പതിവ് പ്രവര്‍ത്തനരീതി.
നിര്‍ദ്ധിഷ്ട വ്യക്തിയുടെ അവകാശികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സാമ്പത്തിക സമാഹരണ കമ്മറ്റിയുണ്ടാക്കി പിരിവെടുക്കാന്‍ മുന്നിട്ടിറങ്ങുക.
താൻ പഠിപ്പിച്ച ശിഷ്യന്മാർ മുതൽ നാട്ടുകാരുടെ ,പരിചയക്കാരുടെ വീടുകകളിലെല്ലാം അതിരാവിലെതന്നെ കൃഷ്ണൻ മാസ്റ്റരെത്തും .
കക്ഷത്തിലൊതുക്കിവെച്ച പത്രത്തിനുള്ളിൽ രസീറ്റ് ബുക്കും കാണും .
പലപ്പോഴും പാർട്ടിപിരിവിനായിരിക്കും .ചിലപ്പോൾ കുടുംബസഹായത്തിനാവാം ,റോഡുനിർമ്മാണത്തിനോ ,ആരുടെയെങ്കിലും ആശുപത്രിചിലവിനോ ആകാം ,അതുമല്ലെങ്കിൽ ഏതെങ്കിലും നിർദ്ധനനകുടുംബത്തിലെ വിവാഹത്തിനാകാം ഫണ്ട് സമാഹരണം .
നാടിന്റെ നാനാഭാഗത്തും പല പൊതു ആവശ്യങ്ങള്‍ക്കുമായി അതിരാവിലെ മുതല്‍ പിരിവിനിറങ്ങുന്നതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘പിരിവ് മാഷ്’ എന്ന് വിളിക്കുന്നവരും ഇല്ലാതല്ല.

ദുരിതാശ്വാസത്തിൻറെ ഭാഗമായി കൃഷ്ണന്‍ മാസ്റ്റര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ സ്വരൂപിച്ചു കൊടുത്തുകൊണ്ട് സഹായിച്ചവരില്‍ കൃതജ്ഞത നഷ്ട്ടപ്പെടാത്ത ഇവിടത്തുകാരായ പലരും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇന്നും ദുഖിതരാണ് .
ചുറ്റുപാടിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വത്തുതര്‍ക്കം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരവും സാമൂഹ്യപരവുമായ മറ്റു പ്രശ്‌നങ്ങള്‍ എല്ലാറ്റിനും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്നവരില്‍ ഏറെ മുന്നിലായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ കഠിനാദ്ധ്വാനിയും നല്ലൊരു കൃഷിക്കാരനുമായിരുന്നു.
മികച്ച വായനാശീലമുള്ള അദ്ദേഹം സ്വാമി വിവേകാനന്ദന്റെ പുസ്‌തകങ്ങള്‍ നിധിപോലെ സൂക്ഷിക്കുമായിരുന്നു .
ഹിന്ദി അദ്ധ്യാപകൻ ആയിരുന്നെങ്കിലും അതിനും പുറമെ സ്വന്തമായി അറബി ഭാഷ പഠിക്കുകയും അത് വഴി അറബി എഴുതാനും വായിക്കാനും വരെ അദ്ദേഹം കഴിവ് പ്രകടിപ്പിച്ചിരുന്നു .
കയ്യില്‍ കാശുണ്ടെങ്കില്‍ ആര് കടം ചോദിച്ചാലും കടം കൊടുക്കും.
കഴിവുകേടുകൊണ്ടോ അനാസ്ഥകൊണ്ടോ കടം വാങ്ങിയവർ തിരിച്ചുകൊടുത്തില്ലെങ്കിൽ അവരോട് വഴക്കിടുകയോ തിരിച്ചുചോദിക്കുകയോ ചെയ്യുന്ന ശീലവും അദ്ദേഹത്തിനില്ലായിരുന്നു .
മിതഭാഷിയും ശാന്തനുമായിരുന്ന ഇദ്ദേഹത്തിന് മിത്രങ്ങളല്ലാതെ ശത്രുക്കളായി ആരും ഉള്ളതായി അറിവുമില്ല .
സാമൂഹ്യപ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ മുഖ്യ സഹകാരി സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകൻ പരേതനായ കെ.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍.
ഇവര്‍ രണ്ടുപേരും തോളോട് തോള്‍ ചേര്‍ന്നായിരുന്നു ഇവിടെ ഒട്ടു മുക്കാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഒരുകാലത്ത് നടത്തിയത്.

പതിവായി യോഗാസനങ്ങള്‍ മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന അദ്ദേഹം പിൽക്കാലത്ത് ശ്രീ ശ്രീരവിശങ്കര്‍ജിയുടെ ആരാധകനായി മാറുകയുമുണ്ടായി .
ആര്‍ട് ഓഫ് ലിവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ചോമ്പാലയില്‍ ആര്‍ട് ഓഫ് ലിവിംഗ് ആസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ ഏറെ പ്രമുഖനായിരുന്നു കൃഷ്ണന്‍ മാസ്റ്റര്‍.
ആര്‍ട് ഓഫ് ലിവിംഗ് ടീച്ചര്‍മാക്ക് സ്വന്തം വീട്ടില്‍ താമസമൊരുക്കികൊണ്ട് ഈ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് ആളുകള്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് പരിശീലനത്തിന് അവസരമൊരുക്കുന്നതിലും ഈ വന്ദ്യ വയോധികന്‍ ഏറെ മുന്നിലായിരുന്നു .
ആര്‍ട് ഓഫ് ലിവിംഗ് പരിശീലനത്തിൽ പങ്കെടുക്കാനാഗ്രമുണ്ടായിട്ടും കടുത്ത സാമ്പത്തിക ഞെരുക്കം കാരണം മാറി നില്‍ക്കുന്ന നിര്‍ദ്ധന കുടുംബങ്ങളിലെ പലർക്കും കൃഷ്‌ണൻമാസ്റ്റർ കൈത്താങ്ങായിരുന്നു .

ഈ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലുമുള്ള ചില പാവപ്പെട്ടവര്‍ക്ക് സ്വന്തം കയ്യില്‍ നിന്നും ആയിരക്കണക്കിന് രൂപ കോഴ്‌സ് ഫീസായി നൽകിക്കൊണ്ടായിരുന്നു ആര്‍ട് ഓഫ് ലിവിംഗ് പരിശീലനങ്ങള്‍ക്ക് ചോമ്പാലയിലും പരിസരപ്രദേശങ്ങളിലും അദ്ദേഹം അവസരമൊരുക്കിയിരുന്നത്.
ആർട് ഓഫ് ലിവിംഗ് പരിശീലനം സമ്പന്ന വര്‍ഗ്ഗത്തിനു മാത്രമാവരുതെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ഉയര്‍ന്ന സാമൂഹ്യ ബോധത്തിനുടമയായ ഇദ്ദേഹത്തെ മുന്‍ കേരള കാര്‍ഷിക മന്ത്രി കെ.പി മോഹനനും ആർട് ഓഫ് ലിവിംഗ് പ്രവർത്തകരും ഏതാനും വർഷങ്ങൾക്ക്
മുൻപ് പൊതുവേദിയിൽ ആദരിക്കുകയുമുണ്ടായി.

Leave A Reply

error: Content is protected !!