രാമജന്മ ഭൂമി ഔദ്യോഗികമായി രാംലല്ലക്ക് കൈമാറി

രാമജന്മ ഭൂമി ഔദ്യോഗികമായി രാംലല്ലക്ക് കൈമാറി

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ രാമജന്മ ഭൂമി ഔദ്യോഗികമായി രാംലല്ലക്ക് കൈമാറി. അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് ഝ ഭൂസര്‍ട്ടിഫിക്കറ്റ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ഓഗസ്റ്റ് 5നാണ് അയോദ്ധ്യയിലെ ഭൂമി പൂജ നടക്കുക.

അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു 2010ലെ അലഹാബാദ് ഹൈക്കോടതി വിധി. എന്നാല്‍, അലഹബാദ് ഹൈക്കോടതിയുടെ വിധി തള്ളിയ സുപ്രീംകോടതി അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കിയാണ് വിധി പുറപ്പെടുവിച്ചത്. രാം ലല്ലയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്ന് നിരീക്ഷിച്ചു.

തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്നും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്കഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 40 ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. 2019 ഒക്ടോബര്‍ 16നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് നവംബര്‍ 9നാണ് വര്‍ഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്ക് സുപ്രീം കോടതി അവസാനമായത് .

Leave A Reply

error: Content is protected !!