ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

അഴിമതിയിൽ മുങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം കനപ്പിച്ച്​ പ്രക്ഷോഭകാരികൾ. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി ‘രാജിവെച്ച്​ പുറത്തുപോകൂ’എന്ന്​ ഉച്ചത്തിൽ മു​ദ്രാവാക്യം ഉയർത്തി. നെതന്യാഹുവി​​ന്‍റെ വസതിക്കു മുന്നിൽ ശനിയാഴ്​ച രാത്രി നടന്ന പ്രക്ഷോഭത്തിൽ 10,000ത്തോളം ആളുകൾ പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ‘ക്രൈം മിനിസ്​റ്റർ ഗോ ഹോം’ എന്നീ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക്​ പ്രക്ഷോഭകാരികൾ നീങ്ങിയത്​.

അഴിമതിയിലും കോവിഡ്​ പ്രതിരോധിക്കുന്നതിലും സർക്കാർ പരാജയപ്പെ​ട്ടെന്ന്​ ആരോപിച്ച്​ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ മാർച്ച്​ ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്​. അഴിമതി കേസുകളിൽ വിചാരണ​ നേരിടുന്ന നെതന്യാഹുവി​​​ന്‍റെ ജനപ്രീതി അടുത്ത കാലത്ത്​ ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന്​ പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്​തെന്ന ആരോപണത്തെതുടർന്നാണ്​ അ​ന്വേഷണം നടക്കുന്നത്​. ഇതിനൊപ്പമാണ്​ ഇസ്രായേലിൽ കോവിഡ്​ രോഗികളുടെ വർധനവുണ്ടായത്​.

Leave A Reply

error: Content is protected !!