ശിവശങ്കറിനെ വെള്ളം കുടിപ്പിച്ചത് യുവ ഐപിഎസുകാരി വന്ദന

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ വട്ടംകറക്കിയത് ആന്ധ്രാക്കാരി കെ ബി വന്ദന . സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരി വന്ദനയാണ് ശിവശങ്കറിനെ ചോദ്യം ചോദിച്ച് വെള്ളംകുടിപ്പിച്ചത് . കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു.

എന്‍ ഐ എ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചോദ്യം ചെയ്യല്‍ നടത്തിയത്. സ്വര്‍ണ്ണക്കടത്ത് ജൂവലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്.

2012 ല്‍ അമേരിക്കയില്‍ നിന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ ഐപിഎസുകാരിയാണ് 41 കാരിയായ വന്ദന. കരോലിനയിലെ മയോക്കില്‍ യുഎസ് ഇന്റലിജന്‍സ് പരിശീലന അക്കാദമിയിലായിരുന്നു പരിശീലനം. കേസില്‍ പ്രതികളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും പഠിച്ച് വിശകലനം ചെയ്യും. 2005 നവംബറിൽ ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ ദേശീയ പൊലീസ് അക്കാദമിയിൽ നിന്നും പുറത്തു വന്ന അൻപത്തി ഏഴാമത്തെ ബാച്ചിലെ ആറ് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു വന്ദന.

പിതാവ് തമിഴ്‌നാട്ടില്‍ എഡിജിപിയായിരുന്നതിനാല്‍ പഠനം തമിഴ്‌നാട്ടിലായിരുന്നു. ഉന്നത പഠനത്തിന് ഡല്‍ഹിയിലെ ജെഎന്‍യുവില്‍ എത്തി. അവിടെ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫിലും പൂര്‍ത്തിയാക്കിയാണ് ഐപിഎസ് നേടിയത്. മലയാളവും തമിഴും തെലുങ്കും അടക്കം ബഹുഭാഷാ പരിചയമുള്ള വന്ദന രാജസ്ഥാനിലെ ആദ്യ വനിതാ സായുധ ബറ്റാലിയനായ ഹദീറാണിയുടെ കമാന്ററായിരുന്നു. സ്‌കൂള്‍ തലത്തില്‍ മികച്ച എന്‍സിസി കേഡറ്റ് ആയിരുന്ന വന്ദന കോളേജില്‍ സീനിയര്‍ അണ്ടര്‍ ഓഫീസറായി.

രാജസ്ഥാനില്‍ ജയ്‌സാല്‍മീര്‍, ബരാന്‍, പാലി ജില്ലകളില്‍ പോലീസ് സൂപ്രണ്ടായിരുന്നു. പിന്നീട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലീസ് സര്‍വകലാശാലയില്‍ സോഷ്യല്‍ ഡിഫന്‍സ് മേധാവിയായി. ജോധ്പൂരില്‍ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റില്‍ എസ്പി ആയും സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനിടയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമതിയായത്. അതിന് ശേഷം സ്ഥാനക്കയറ്റത്തോടെ എന്‍ഐഎ യില്‍ ഡിഐജിയായി.

തുടരന്വേഷണം സെക്രേട്ടറിയേറ്റിലെ സിസി ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാകും. ശിവശങ്കര്‍ സംശയത്തിന്റെ നിഴലില്‍ത്തന്നെയാണെന്നും പ്രതിയോ സാക്ഷിയോ എന്നതുമാത്രമേ തീരുമാനിക്കാനുള്ളുവെന്നും അന്വേഷണസംഘം അറിയിച്ചു. യു.എ.പി.എ. ചുമത്താനായില്ലെങ്കില്‍, ശിവശങ്കര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നു കേന്ദ്രത്തിനു ശിപാര്‍ശ നല്‍കാനും ഉദ്ദേശിക്കുന്നു.

ആദ്യ ദിവസം അഞ്ചു മണിക്കൂറും രണ്ടാം ദിവസം പത്തു മണിക്കൂറുമാണ് എന്‍ഐഎ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്തത്. യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യമായ തെളിവുകള്‍ ഇല്ലെങ്കിലൂം എം. ശിവശങ്കറിനെ കേസില്‍നിന്നു പൂര്‍ണമായും ഒഴിവാക്കേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്വപ്‌നയുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങളില്‍ പലതും ശിവശങ്കര്‍ എന്‍ഐഎ യോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വപ്‌നയുടെ ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നത് മാനസീക സമ്മര്‍ദ്ദം ലഘൂകരിക്കാനായിരുന്നു എന്നാണ് ശിവശങ്കരന്‍ എന്‍ഐഎ യ്ക്ക് നല്‍കിയിരുന്ന മൊഴി. ജോലി കഴിഞ്ഞ അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയിരുന്നതെന്നും ഈ കാരണത്താലാണ് സെക്രട്ടറിയേറ്റിന് സമീപം ഫ്‌ളാറ്റ് എടുത്തതെന്നും പറഞ്ഞു. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ എത്തുമ്പോള്‍ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. അവര്‍ക്ക് സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് കൂട്ടു നിന്നിട്ടില്ലെന്നും ശിവശങ്കരന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

Leave A Reply

error: Content is protected !!