ലിപുലേഖിനടുത്ത് ചൈനയുടെ 1000 സൈനികർ കൂടി; അതേ തോതിൽ ഇന്ത്യയും സജ്ജം

ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപം ചൈന വീണ്ടും സൈനികരെ വിന്യസിച്ചു. ലഡാക്ക് മേഖലയ്ക്കു പുറത്ത് യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സംഘത്തെ വിന്യസിക്കുന്നതായി കുറച്ചുനാളുകളായി റിപ്പോർട്ടുണ്ടായിരുന്നു. ഒരു ബറ്റാലിയന്‍ (ഏകദേശം 1000 സൈനികർ) സേനയെയാണ് പിഎൽഎ ലിപുലേഖ് ചുരത്തിലേക്കു വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിൽനിന്നു കുറച്ചുമാറിയാണ് ഇവരുടെ സ്ഥാനം. എന്നാൽ ‘ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമായാണ്’ ചൈനീസ് സേന നിൽക്കുന്നതെന്നാണ് ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.

എന്നാൽ ചൈനീസ് സേനയ്ക്ക് ഒത്തവണ്ണം ഇന്ത്യയും മേഖലയിലെ സൈനികരുടെ അംഗബലം വർധിപ്പിച്ചിട്ടുണ്ട്. അതിർത്തിത്തർക്കം ഉന്നയിച്ച നേപ്പാളിന്റെ നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ലഡാക്കിലുൾപ്പെടെ ചൈനീസ് സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഏതു മഞ്ഞുമലകളിലും ഏതു സാഹചര്യത്തെയും നേരിടാനൊരുങ്ങിയാണ് ഇന്ത്യൻ സൈന്യം തയാറെടുത്തിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Reply

error: Content is protected !!