ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ഇസ്രയേലിൽ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഔദ്യോഗിക വസതിക്കുപുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്.

കഴിഞ്ഞ മാസം ജറുസലേമിലെ ഒരു കോടതിയിൽ വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി നെതന്യാഹുവിനെതിരെയുള്ള വിചാരണ ആരംഭിച്ചിരുന്നു. ആഗസ്റ്റിൽ വിചാരണ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേലിൽ പുതിയ സർക്കാർ അധികാരമേറ്റത്. അഴിമതിക്കെതിരെയുള്ള വിചാരണ നടക്കവേ അധികാരത്തിലേറാനുള്ള നെതന്യാഹുവിന്റെ തീരുമാനം ഇസ്രയേലികളിൽ പ്രതിഷേധം വ്യാപകമാക്കിയിരുന്നു.

കോവിഡ്​ ഭീതി നിലനിൽക്കെ സർക്കാറിനെ വെല്ലുവിളിച്ച്​ നടത്തിയ പ്രക്ഷോഭം അധികാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. ‘ആരോഗ്യ ഭീകരവാദ പ്രവർത്തനം’ എന്നാണ്​ ആരോഗ്യമന്ത്രാലയം പ്രതിഷേധ സംഗമത്തെ വിശേഷിപ്പിക്കുന്നത്​.

കോവിഡ്​ കാരണം എട്ടു ലക്ഷത്തോളം ആളുകൾക്ക്​ രാജ്യത്ത്​ ജോലി നഷ്​ടമായതായാണ്​ കണക്ക്​. ചെറുകിട സംരംഭകരെയും കൂലിത്തൊഴിലാളികളെയുമാണ്​ ലോക്​ഡൗണും പിന്നാലെയുള്ള കോവിഡ്​ നിയന്ത്രണങ്ങളും കാര്യമായി ബാധിച്ചത്​. 61,388 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട രാജ്യത്ത്​ 464 പേർ മരിച്ചു.

Leave A Reply

error: Content is protected !!