രണ്ടു കോടി രൂപ തട്ടിയെടുത്ത സംഭവം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ചു വഞ്ചിയൂർ സബ് ട്രഷറിയിലെ സർക്കാർ അക്കൗണ്ടിൽനിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയതിനാണ് സസ്‌പെന്‍ഷന്‍. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ജില്ലാ ട്രഷറി ഓഫിസർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയതിനെത്തുടർന്നു വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുലാൽ ഉപയോഗിച്ച കംപ്യൂട്ടർ പരിശോധനയ്ക്കായി കൊണ്ടു പോയി.

ജില്ലാ ട്രഷറി ഓഫിസർ ഷാനവാസ് പ്രാഥമിക റിപ്പോർട്ട് ട്രഷറി ഡയറക്ടർക്ക് സമർപ്പിച്ചതിനെത്തുടർന്നാണ് ബിജു ലാലിനെ സസ്പെൻഡ് ചെയ്തത്. വഞ്ചിയൂർ സബ് ട്രഷറി ഓഫിസർ സ്ഥാനത്തുനിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‍വേഡ് ഉപയോഗിച്ച് ബിജുലാൽ തന്റെയും ഭാര്യയുടേയും അക്കൗണ്ടിലേക്കു പണം മാറ്റിയെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ട്രഷറിയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന തട്ടിപ്പിന്റെ അമ്പരപ്പിലാണ് ഉദ്യോഗസ്ഥർ. രണ്ടുകോടിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുകൂടാൻ സാധ്യതയുണ്ടെന്നു ഉദ്യോഗസ്ഥർ സൂചന നൽകുന്നു.

ഉദ്യോഗസ്ഥന്റെ പെൻ നമ്പർ (പെര്‍മനന്റ് എംപ്ലോയി നമ്പര്‍) പരിശോധിച്ചാൽ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. തട്ടിപ്പു നടത്താൻ എങ്ങനെയാണ് ബിജുലാലിനു പാസ്‌വേഡ് ലഭിച്ചതെന്ന കാര്യത്തിൽ അധികൃതർക്കു വ്യക്തതയില്ല. സബ് ട്രഷറി ഓഫിസർ പാസ്‌വേഡ് ഉപയോഗിക്കുമ്പോൾ ഉദ്യോഗസ്ഥൻ മറഞ്ഞുനിന്നു കണ്ടിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഇല്ലാതാക്കിയിരുന്നെങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മേയ് മാസത്തിലാണ് വഞ്ചിയൂർ സബ് ട്രഷറി ഓഫിസറായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ പാസ്‌വേഡ് മറ്റൊരാൾ ഉപയോഗിച്ചിട്ടും തടയാൻ സെല്ലിനു കഴിഞ്ഞില്ല.

അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കില്‍ രണ്ടു കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറേയും വിജിലന്‍സിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടേയും ഭാര്യയുടേയും അക്കൗണ്ട് മരവിപ്പിച്ചു.

Leave A Reply

error: Content is protected !!