സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ് : പൊലീസ് സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി

സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ് . തിരുവനന്തപുരത്തെ പൊലീസ് സംഘടനാ നേതാവ് ചന്ദ്രശേഖരന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുമായി അടുപ്പമെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി .
ചന്ദ്രശേഖരന് എതിരായി അച്ചടക്കനടപടിക്ക് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ ശുപാര്‍ശ ചെയ്ത് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാവും ഗ്രേഡ് എസ്.ഐയുമായ ചന്ദ്രശേഖരനെതിരെ വകുപ്പ് തല അന്വേഷണം നടന്നത് അസോസിയേഷൻ അംഗങ്ങളിൽ അമ്പരപ്പുളവാക്കി.

സന്ദീപ് നായരുമായുള്ള ബന്ധവും മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാന്‍ ഇടപെട്ടതും ചന്ദ്രശേഖരനായിരുന്നു . ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത് . ബന്ധുകൂടിയായ സന്ദീപുമായി ചന്ദ്രശേഖരന്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി.

മദ്യപിച്ച് വാഹനം ഓടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സ്റ്റേഷനില്‍ നേരിട്ടെത്തി ജാമ്യത്തിലിറക്കിയത് ചന്ദ്രശേഖരനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ജാമ്യം നേടാന്‍ പൊലീസുകാരെ സമ്മര്‍ദം ചെലുത്തിയതിലടക്കം വീഴ്ചയെന്നാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെയടിസ്ഥാനത്തില്‍ അച്ചടക്ക നടപടി വേണമെന്നും ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ചന്ദ്രശേഖരന് ബന്ധമുള്ളതായി തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും ശുപാര്‍ശയുണ്ട്. ഡി.ജി.പിയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്.

അതേസമയം ചോദ്യം ചെയ്യലിൽ ലഭിച്ച ശിവശങ്കറിന്‍റെ ചില ഉത്തരങ്ങള്‍ക്കു വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു .

സ്വര്‍ണക്കടത്ത്, തീവ്രവാദബന്ധം, കൂട്ടുപ്രതികളുമായുള്ള സൗഹൃദം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി തൃപ്തികരമല്ലെന്നും ശിവശങ്കറിനു ക്ലീന്‍ചിറ്റ് നല്കിയിട്ടില്ലെന്നും അന്വേഷണ കേന്ദ്രങ്ങൾ വ്യക്തമാക്കി .

ഏതുനിമിഷവും വീണ്ടും ചോദ്യം ചെയ്യാന്‍ തയാറായിട്ടാണ് എന്‍ഐഎ ശിവശങ്കറിനെ വിട്ടയച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അദ്ദേഹം നടത്തിയ വിദേശയാത്രകളും സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഐടി കന്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ഐടി സെക്രട്ടറിയെന്നനിലയില്‍ നിരവധി യാത്രകളാണ് ശിവശങ്കര്‍ നടത്തിയത്. ഇതിൽ രണ്ടു യാത്രകൾക്കു സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെയായിരുന്നുവെന്നു സൂചനയുണ്ട്.

അവ്യക്തമായ മറുപടിയാണത്രെ ശിവശങ്കര്‍ നല്‍കിയത്. ഇതിൽ കൃത്യതവരുത്താൻ ശിവശങ്കറിന് എന്‍ഐഎ അവസരം നല്‍കിയിട്ടുണ്ട്. ശിവശങ്കറിനൊപ്പം വിദേശയാത്രകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍റെ ഇടപാടുകളെക്കുറിച്ചും അന്വേസഹിക്കുന്നുണ്ട്.

ഇവരുടെ യാത്രകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി യുഎഇയിലെ ഇന്ത്യന്‍ എംബസിയിലുള്ള ഐബി ഉദ്യോഗസ്ഥരുടെ സേവനവും എന്‍ഐഎ തേടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനു ബന്ധമുണ്ടോയെന്ന് അറിയാൻ സെക്രട്ടേറിയറ്റിലെ കാമറാ ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധന അനിവാര്യമാണ്.

Leave A Reply

error: Content is protected !!