മൺവിള കുടിയൊഴിപ്പിക്കൽ: പൊലീസ് നടപ്പാക്കിയത് ഹൈകോടതി ഉത്തരവ്

കോടതിവിധി നടപ്പാക്കാൻ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ചെങ്കൊടിക്കാട്’ എന്ന പേരിൽ നടത്തിയ പൊലീസ് നടപടിയിൽ തർക്കസ്ഥലത്ത് നിന്ന് ഏഴു കുടുംബങ്ങളെ അറസ്റ്റുചെയ്ത് നീക്കി. വീടുകൾ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും വീട്ടുസാധനങ്ങൾ ഉൾപ്പെടെയുള്ളവ റോഡുവക്കിലേക്ക് മാറ്റുകയും ചെയ്തു. രാവിലെ 6 ന് സമീപവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാർ വിവരമറിഞ്ഞു എത്തുമ്പോൾ വീടുകൾ ഉണ്ടായിരുന്നിടത്ത് വെറും മൺകൂനകൾ മാത്രം. മൺവിള വാട്ടർ ടാങ്കിന് സമീപം ചെങ്കൊടിക്കാട്ടിലായിരുന്നു സംഭവം. കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ ഏഴ് കുടുംബങ്ങളിലെ 28 പേർ കഴിഞ്ഞ 60 വർഷമായി താമസിക്കുന്ന സ്ഥലമാണ് ഒഴിപ്പിച്ചെടുത്തത്. 63 സെന്റ് സ്ഥലത്തെ ചൊല്ലി 90 കാരിയായ രത്നമ്മയുടെ കുടുംബവും മുരുക്കുംപുഴ സ്വദേശി പ്രഭാകരനും തമ്മിലാണ് കോടതി വ്യവഹാരം നടന്നത്. 2017 ൽ വിധി പ്രഭാകരന് അനുകൂലമായതോടെ നിരവധി തവണ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിക്കാനെത്തിയെങ്കിലും ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നിന്ന താമസക്കാർ ആത്മഹത്യാഭീഷണി ഉയർത്തി ചെറുത്തുനിന്നതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു.

ഒരു തുണ്ടുഭൂമിപോലും സ്വന്തമായിട്ടില്ലാത്ത കുടുംബങ്ങളെ തെരുവിലേക്ക് കുടിയിറക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും മദ്ധ്യസ്ഥ ശ്രമത്തിൽ ഏഴ് കുടുംബങ്ങൾക്കായി 13 സെന്റ് സ്ഥലം വിട്ടുനൽകാൻ പ്രഭാകരൻ സമ്മതിക്കുകയുമായിരുന്നു. എന്നാൽ വസ്തുവിലെ പുറമ്പോക്ക് ഭൂമിയായ 13 സെന്റ് സ്ഥലമാണ് തരാൻ നോക്കിയതെന്നും അതിൽ തൃപ്തരല്ലെന്നും കാട്ടി കുടുംബങ്ങൾ വീണ്ടും കുടിയൊഴിപ്പിക്കലിനെ ചെറുക്കുകയായിരുന്നു. വീണ്ടും പൊലീസ് എത്തിയെങ്കിലും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി ഉയർത്തിയതോടെയാണ് പൊലീസ് പിൻവാങ്ങിയത്.

Leave A Reply

error: Content is protected !!