സ്വർണ്ണം കടത്തുന്ന കാരിയറിന് കൂലി 50000 വരെ :ജാമ്യത്തിലിറക്കാൻ വക്കീലും ജാമ്യക്കാരും റെഡി

സ്വർണ്ണക്കടത്ത് കേസിന്റെ അന്വഷണം പുരോഗമിക്കുമ്പോഴും കള്ളക്കടത്തിന് ഒരു കുറവുമില്ല . സ്വർണ്ണത്തിനാണെങ്കിൽ തീവിലയും . എത്ര സ്വർണ്ണം കള്ളക്കടത്തിലൂടെ കൊണ്ടുവന്നാലും നാൾക്കുനാൾ സ്വർണ്ണത്തിന് വില കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല .

സംസ്ഥാനത്ത് സ്വർണ്ണം കടത്താൻ പല സംഘങ്ങളുണ്ടെന്നാണ് കിട്ടുന്ന വിവരം . ഈ സംഘങ്ങൾക്ക് വിപുലമായ സംവിധാനങ്ങളാണ് വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കോഴിക്കോടുള്ളത് . ഗള്‍ഫില്‍നിന്നു വിമാനത്താവളം വഴി എത്തിക്കുന്ന സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുക്കാന്‍ കോഴിക്കോട് തന്നെ പ്രത്യേകകേന്ദ്രം പ്രവർത്തിക്കുന്നുണ്ട് .

ആരോരും അറിയാതെ നേരം വെളുക്കുന്നതിനു മുൻപ് രായ്ക്കുരാമാനം മിശ്രിതം വേര്‍തിരിച്ചെടുക്കുന്ന വിദഗ്ദരായ സ്വര്‍ണപ്പണിക്കാരാണ് സംഘത്തിലുള്ളത് . ഈ സ്വർണ്ണ പണിക്കാരനു കൂലി ദിവസം 3500 രൂപയാണ് . പതിവായി രാത്രി 11-ന് തുടങ്ങുന്ന ജോലി പുലര്‍ച്ചെ മൂന്നുവരെ മാത്രം .

മലപ്പുറം വള്ളുവമ്പ്രം, മോങ്ങം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ കോഴിക്കോട്ടുള്ള ഈ താവളത്തില്‍ കൊടുവള്ളി സംഘവും എത്താറുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവരെ എത്തിക്കുന്ന സ്വര്‍ണം കൊണ്ടോട്ടി കൊട്ടൂക്കര പൂളപ്പാടത്തെ കേന്ദ്രത്തിലാണു കൈമാറ്റംചെയ്യുന്നതത്രെ .

സ്വര്‍ണക്കടത്ത് മാഫിയയ്ക്കായി കോടതികളില്‍ ഹാജരാകുന്നതു മലപ്പുറം മോങ്ങത്തെ ഒരു യുവ അഭിഭാഷകനാണ് . പിടിക്കപ്പെടുന്ന കാരിയര്‍മാരെ ജാമ്യത്തിലിറക്കുന്നത് ഉള്‍പ്പെടെയുള്ള ഇത് സംബന്ധിച്ച് എന്ത് കേസ് വന്നാലും നിയമസഹായം ഈ അഭിഭാഷകനാണ് നല്‍കുന്നത്.

സ്വര്‍ണം കടത്താന്‍ 15 ദിവസത്തെ കരാറിലാണു യുവാക്കളെ വിസിറ്റിങ് വിസയില്‍ ഗള്‍ഫിലേക്ക് അയയ്ക്കുന്നത്. 30,000 മുതൽ 50000 വരെയാണ് പ്രതിഫലം. അവിടെ ചെന്നിറങ്ങിയാൽ എയർ പോർട്ടിൽ കാത്തു നിൽക്കുന്ന സംഘത്തിലുള്ളയാൾ കൂട്ടിക്കൊണ്ടുപോകും .

ഇങ്ങനെ വരുന്നവർക്ക് താമസിക്കാൻ മാത്രം വില്ലകൾ വാടകക്ക് എടുത്തിട്ടിട്ടുണ്ട് . ഇവരുടെ മുഴുവന്‍ ചെലവും വഹിക്കാന്‍ അവിടെ ആളുകളുണ്ട് . 15 ദിവസത്തെ കരാറാണെങ്കിലും കാരിയര്‍മാരില്‍ പലരും ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തും. ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നീട് മറ്റൊരു രീതിയിലാകും സ്വര്‍ണക്കടത്ത്.

വയനാട് കേന്ദ്രീകരിച്ചുള്ള ഒരു സ്ത്രീയും ഇവരുടെ സ്ഥിരം കാരിയറാണന്നാണറിയുന്നത് . കരിപ്പൂരിനു പുറമേ കോയമ്പത്തൂര്‍, തിരുവനന്തപുരം, കൊച്ചി, ഗോവ വിമാനത്താവളങ്ങള്‍ വഴിയും ഈ സംഘം സ്വര്‍ണം കടത്താറുണ്ട്. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകനും ജാമ്യക്കാരും പാഞ്ഞെത്തും .

സ്ഥിരം കാരിയര്‍മാരല്ലാതെ, യാത്രക്കാരെ ഉപയോഗിച്ചും സ്വര്‍ണക്കടത്തുന്നുണ്ട്. സ്വര്‍ണം പിടികൂടപ്പെട്ടാലും കാരിയര്‍മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തുടര്‍ന്നും കാരിയര്‍മാരുടെ വിശ്വാസമാര്‍ജിക്കാന്‍ ഇതാവശ്യമാണ്.

കേരളത്തിലെ വിമാനത്താവളങ്ങൾ വഴി മാത്രമല്ല കോയമ്പത്തൂർ , ബാംഗ്ളൂർ , മംഗലാപുരം ,ചെന്നൈ , ഗോവ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയും സ്വർണ്ണം കടത്തുന്നുണ്ടെന്നാണ് വിവരം .

Leave A Reply

error: Content is protected !!