‘സ്വപ്‌നയുമൊത്ത് ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ പറഞ്ഞത് ശിവശങ്കര്‍’; കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി അറിയുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാൽ സ്വർണക്കടത്തു കേസിൽ നിർണായക വഴിത്തിരിവാകും.

കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഓഫിസിലും കസ്റ്റംസ് നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ. സ്വപ്നയുടെയും ശിവശങ്കറിന്റെയും ആദായനികുതി റിട്ടേണുകൾ തയാറാക്കുന്നത് ഈ ചാർട്ടേഡ് അക്കൗണ്ടന്റാണെന്നാണു വിവരം.  സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എൻഐഎ രാത്രിയിൽ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ ഇടപാടിൽ പങ്കുവച്ചത് കോടികളാാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.

സ്വര്‍ണക്കടത്ത് കേസിൽ ഇനി നിര്‍ണ്ണായകം പ്രധാന പ്രതി ടികെ റമീസിന്‍റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം  ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. തുടര്‍ച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്.

Leave A Reply

error: Content is protected !!