കോവിഡ് മാറി തിരിച്ചെത്തിയ ഭാര്യയ്ക്ക് കബാലി സ്റ്റൈലില്‍ സ്വീകരണമൊരുക്കി രജനി ആരാധകന്‍

ബെംഗളൂരു : കോവിഡ് ബാധ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ ഭാര്യയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി രജനികാന്ത് ആരാധകനായ ഭര്‍ത്താവ്. പ്രൗഢമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പാണ് ഭാര്യയ്ക്കായി ഇവന്റ് മാനേജറായ രാമചന്ദ്ര റാവു സജ്ജീകരിച്ചത്. റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഒരുക്കിയിരുന്നു.

സ്റ്റാഫ് നഴ്സായ കലാവതിക്ക് കോവിഡ് വാർഡിലായിരുന്നു ജോലി. ആഴ്ചകള്‍ക്ക് മുമ്പ് ഇവർക്ക് കോറോണ സ്ഥിരീകരിച്ചു. ഇതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും പരിഭ്രമത്തിലായി. അതുവരെ സ്‌നേഹത്തില്‍ കഴിഞ്ഞ അയല്‍ക്കാരെല്ലാം ഇതോടെ മാറി നടന്നു തുടങ്ങി. ഇത് മനസ്സിലായതോടെയാണ് ആശുപത്രി വിട്ട ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്.

ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടി.എ വീരഭദ്രയ്യ, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പഴങ്ങളും പൂമാലകളും നല്‍കിയാണ് ഇയാള്‍ സന്തോഷം അറിയിച്ചത്. ഞാന്‍ രജനീകാന്ത് സാറിന്റെ വലിയ ഫാനാണ്, കുടുംബത്തിന്റെ ഇഷ്ടങ്ങളാണ് എനിക്ക് പ്രധാനം, പ്രത്യേകിച്ചും എന്റെ ഭാര്യയുടെ. ഞങ്ങളുടെ വീട് പത്ത് ദിവസം സീല്‍ ചെയ്തു. ഭാര്യയെ കാണാൻ‌ കാത്തിരിക്കുകയായിരുന്നു ഞാൻ- രാമ ചന്ദ്ര പറഞ്ഞു. ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തുനിന്നും പൂക്കള്‍ വിതറിയാണ് അദ്ദേഹം ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്.

കോവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണ വിശ്വാസം തനിക്കുണ്ടായിരുന്നെന്നാണ് കലാവതിയുടെ വാക്കുകള്‍. ഓഗസ്റ്റ് ഒന്നുമുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞു.

Leave A Reply

error: Content is protected !!