സ്വർണ്ണക്കടത്ത് : ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകി

സ്വർണ്ണക്കടത്ത് : ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. ശിവശങ്കറിനെ കഴിഞ്ഞ ദിവസം എൻ ഐ എ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്.

സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും റിപ്പോർട്ടുകളുണ്ട്.സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവരാണ് തന്ത്രം മെനഞ്ഞതെന്നാണ് വിവരം. ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ഒരു തവണ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും, ശിവശങ്കർ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂർ ദീർഘിച്ച ചോദ്യംചെയ്യലിലും എൻ.ഐ.എയ്‌ക്ക് കണ്ടെത്താനായില്ല.

ഇന്നലെ പത്തര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയച്ചത്. കേസിൽ കൂടുതൽ പ്രതികളുടെ ചോദ്യംചെയ്യലിനും സെക്രട്ടേറിയറ്റിലെ സി സി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും.

എൻ.ഐ.എയുടെ മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നിൽ, സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ ഭീകരവിരുദ്ധനിയമം (യു.എ.പി.എ) ചുമത്താനുള്ള ശക്തമായ തെളിവുകൾ കണ്ടെത്താനാണ് ശ്രമം . പ്രതിക്ക് ഫ്ലാറ്റെടുത്തു നൽകി സ്വർണക്കടത്തിന് താവളമൊരുക്കി, ഗൂഢാലോചനയ്ക്ക് സ്വന്തം ഫ്ലാറ്റിൽ സൗകര്യമൊരുക്കി, പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടു, ഗൂഢാലോചനാ കേന്ദ്രങ്ങളിലെ സാന്നിദ്ധ്യം എന്നീ തെളിവുകൾ എൻ.ഐ.എയുടെ പക്കലുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻ.ഐ.എ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഭീകരബന്ധവുമായോ സ്വർണക്കടത്തുമായോ ശിവശങ്കറിനെ നേരിട്ട് കൂട്ടിയിണക്കാവുന്ന തെളിവുകൾ ലഭ്യമായിട്ടില്ല.

പക്ഷേ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ യു.എ.പി.എ ചുമത്തുന്നത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. പ്രതികളായ സ്വപ്‌നാസുരേഷ്, സരിത്ത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കെതിരെ യു.എ.പി.എ നിയമത്തിലെ 16 17 18 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഈ വകുപ്പുകൾ ശിവശങ്കറിനെതിരെ ചുമത്താൻ നിലവിൽ തെളിവുകളില്ല. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെങ്കിലും തീവ്രവാദവുമായി ബന്ധിപ്പിക്കാനായിട്ടില്ല. വിദേശത്തുള്ള ഫൈസലിനെയും റബിൻസിനെയും കിട്ടിയാലേ ശിവശങ്കറിന്റെ വിദേശബന്ധങ്ങളുടെ അന്വേഷണം പൂർത്തിയാവൂ.

സെക്രട്ടേറിയറ്റിലെ ഓഫീസിൽ പ്രതികളെ കണ്ടതായി മൊഴികളുണ്ടെങ്കിലും, ഇതിന്റെ തെളിവുകൾ എൻ.ഐ.എയ്ക്ക് ലഭിക്കണം. 2019 ജൂലായ് മുതലുള്ള ഒരു വർഷക്കാലത്തെ സെക്രട്ടേറിയറ്റിലെ 83 കാമറകളിലെ ദൃശ്യങ്ങളിൽ നിന്നാണ് ഗൂഢാലോചനയുടെ തെളിവ് കണ്ടെത്തേണ്ടത്.വിദേശയാത്രകൾ, പ്രതികളുമായുള്ള ബന്ധം, സ്വപ്നയ്ക്കായുള്ള ശുപാർശകൾ, സ്വർണം വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങിയ എൻ.ഐ.എയുടെ ചോദ്യങ്ങൾക്ക് ശിവശങ്കർ വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ല.

പക്ഷേ, അദ്ദേഹത്തിന്റെ ഒന്നര വർഷത്തെ വിദേശയാത്രകളും വിദേശത്തേക്കുള്ള ഫോൺവിളികളും പരിശോധിച്ചപ്പോഴും, സ്വപ്നയുടെ ആറ് രഹസ്യ സിംകാർഡുകളിലെ വിളികളും വാട്സ്ആപ്, ടെലിഗ്രാം ചാറ്റുകളും വീണ്ടെടുത്തപ്പോഴും കിട്ടിയത് മൊഴിക്ക് വിരുദ്ധമായ തെളിവുകളാണ്. സർക്കാർ അനുമതിയില്ലാതെ നടത്തിയ രണ്ട് വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്.

Leave A Reply

error: Content is protected !!