എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ കാട് പിടിച്ചു നശിക്കുന്നു

എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ കാട് പിടിച്ചു നശിക്കുന്നു

എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ പുനര്‍നിര്‍മ്മാണ പദ്ധതി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനായി തുടങ്ങിയ പണികൾ എവിടെയും എത്തിയില്ല. കൊച്ചിയിലേക്ക് ആദ്യമായി ഒരു തീവണ്ടി ചൂളം വിളിച്ചെത്തിയത് ഹൈക്കോടതിക്ക് പിന്നിലുള്ള റെയിൽവേ സ്റ്റേഷനിലേക്കാണ്. നഗരത്തിൽ മറ്റ് സ്റ്റേഷനുകൾ വന്നതോടെ ഇത് ഓൾഡ് റെയിൽവേ സ്റ്റേഷനായി.

വര്‍ഷങ്ങളായി കാട് പിടിച്ച് നശിച്ച സ്റ്റേഷൻ പുനരുദ്ധരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് റെയിൽവേ നടപടി തുടങ്ങി. പൈതൃകം നിലനിര്‍ത്തി സംരക്ഷിക്കാൻ 505 കോടി രൂപയുടെ വികസന പദ്ധതിയാണ് റെയിൽവേ ലക്ഷ്യമിട്ടിരുന്നത്. ആദ്യ ഘട്ടമായി ഒന്നരക്കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് 100 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കുകൾ നവീകരിച്ചു. പക്ഷേ മൂന്ന് മാസം പിന്നിട്ടപ്പോൾ തന്നെ പണികൾ നിലച്ചു.

സ്വകാര്യ കമ്പനികൾക്ക് 74 ശതമാനവും റെയിൽവേയ്ക്കും സംസ്ഥാന സര്‍ക്കാരിനും 13 ശതമാനം വീതവും ഓഹരിയുള്ള എസ്.പി.വി രൂപവത്കരിച്ച പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. 1902 ൽ കൊച്ചി മഹാരാജാവ് രാമവര്‍മ്മയാണ് 40 ലക്ഷം രൂപ മുടക്കി കൊച്ചിയിലേക്ക് റെയിൽ വേ വികസനം കൊണ്ടുവന്നത്.റെയിൽവേ സ്റ്റേഷൻ നിൽക്കുന്ന 40 ഏക്കർ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് പദ്ധതിക്ക് തടസ്സം നിൽക്കുന്നതെന്ന് ഓൾഡ് റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതി ആരോപിക്കുന്നു

Leave A Reply

error: Content is protected !!