രണ്ട് സംസ്ഥാനത്തും കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ; സ്വപ്ന എങ്ങനെ അതിര്‍ത്തി കടന്നു?

തിരുവനന്തപുരം: സ്വപ്നയെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് ആരെന്ന ചോദ്യമുയര്‍ത്തി സര്‍ക്കാരിനെതിരെ വന്‍ ആക്രമണവുമായി പ്രതിപക്ഷം. സഹായിച്ചത് കേരള പൊലീസെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോള്‍ത്തന്നെ  ഒത്തുകളി വ്യക്തമായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതികൾ, കടുത്ത നിയന്ത്രണമുള്ള ബെംഗലൂരുവിലേക്ക് എത്തിയത്. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കിയിട്ട് ദിവസങ്ങളായി. സ്വർണ്ണക്കടത്ത് വൻ വിവാദമായ ശേഷമാണ് മുഖ്യപ്രതികളായ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടത്. പാലോട് ഭാഗത്തേക്ക് ചീറിപ്പാഞ്ഞ് പോയ ഇന്നോവ കാർ ഇവർ സഞ്ചരിച്ചതാണെന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനം വിടാൻ ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ബലപ്പെട്ടു.

കേരളത്തിലേക്ക് വരാൻ മാത്രമാണ് പാസ് നിർബന്ധമെന്നാണ് മറുവാദം ഉയരുന്നത്. സംസ്ഥാനം വിട്ട് പോകാൻ പോകേണ്ട സംസ്ഥാനത്തെ പാസ് മാത്രമാണ് ആവശ്യം. ഇത്തരത്തിൽ പാസ് നിർബന്ധമാക്കിയ സംസ്ഥാനമാണ് കർണ്ണാടകം. ബെംഗളൂരു നഗരത്തിൽ മാത്രം മൂവായിരത്തിലേറെ ക്വാറന്റൈൻ കേന്ദ്രങ്ങളുണ്ട്. ഇവിടേക്കാണ് കേരളത്തിൽ വലിയ ചർച്ചയായ കേസിലെ പ്രതികൾ കടന്നത്. കൊറമംഗലയിലെ സുധീന്ദ്ര റായ് എന്നയാളുടെ പേരിലുള്ള  ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. കർണ്ണാടകത്തിലേക്ക് കടക്കാൻ രജിസ്ട്രേഷനും 14 ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്.

 

 

Leave A Reply