നിരീക്ഷണത്തിലുള്ള വനിതയുടെ വീടാക്രമിച്ചു; പ്രതികൾക്ക് 28 ദിവസം ക്വാറന്റീൻ

വിദേശത്തു നിന്നെത്തിയ വയോധികയുടെ വീടിനു നേരെ ആക്രമണം.വീട്ടിൽ തനിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞപ്പോഴാണ് വീടിന് നേരെ അർധരാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. അയൽവാസികളായ രാജീവ്, രതീഷ് എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇരുവരെയും 28 ദിവസത്തെ ക്വാറന്റീനിൽ വിട്ടു. കിളികൊല്ലൂർ പ്രതീക്ഷാ നഗറിൽ ലൈലയുടെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം അതിക്രമമുണ്ടായത്.

അക്രമികൾ വീടിന് പുറത്തുള്ള ശുചിമുറിയും പൈപ്പ് കണക്‌ഷനും പൂർണമായി നശിപ്പിച്ചു. അസഭ്യം പറയുകയും ചെയ്തു. മകളുടെ അടുത്തേക്ക് പോയ ലൈല ഖത്തറിൽ നിന്ന് തിരികെയെത്തിയത് 6 നാണ്. അയത്തിലുള്ള സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാലാണ് കിളികൊല്ലൂരിലെ ബന്ധുവീട്ടിലേക്ക് ക്വാറന്റീൻ സൗകര്യത്തിനായി ലൈല എത്തിയത്. ഇവിടെ കഴിഞ്ഞിരുന്ന ബന്ധുവിനെ അതിനു മുൻപ് മറ്റൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വിദേശത്ത് വച്ച് കൊറോണ പോസിറ്റീവ് ആയിരുന്ന ലൈലയെ ഇവിടെ കഴിയാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അയൽക്കാരിൽ ഒരു വിഭാഗം.

ആംബുലൻസ് തടയാൻ ശ്രമിച്ചതോടെ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വീട് ആക്രമിക്കുന്നതിൽ എത്തിയത്. അന്ന് മുതൽ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്നും ശുചിമുറി തകർത്തതോടെ ഭക്ഷണം ഒഴിവാക്കി കഴിയേണ്ട ഗതികേടിലാണ് താനെന്നും ലൈല പറഞ്ഞു. വീട്ടുവളപ്പിൽ കടന്നതിന്റെ പേരിലാണ് പ്രതികളെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെടുത്തി ക്വാറന്റീൻ ചെയ്തത്.

Leave A Reply