കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ച അടച്ചിട്ടു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നടപടി. കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിച്ചത്

ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാർക്കറ്റുകളാണ് ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്. തൃക്കരിപ്പൂർ, കാലിക്കടവ് നിലേശ്വരം, കാഞ്ഞങ്ങാട്, ചെർക്കള, കാസർകോട്, കുന്പള, ഉപ്പള, കുഞ്ചത്തൂർ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളാണ് ഒരാഴ്ചക്കാലം പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്. സ്ഥിരമായി മംഗളൂരുവിലേക്ക് പോയി സാധനങ്ങള്‍ കൊണ്ടു വരുന്ന കാസർകോട് നഗരത്തിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നാല് പേര്‍ക്കും തൊട്ടടുത്ത ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിച്ചിരുന്നു.

കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 6വയസുള്ള കുട്ടിക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ നഗരത്തിലെ കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന മുളിയാര്‍ പഞ്ചായത്ത് സ്വദേശിക്കും ചെങ്കള പഞ്ചായത്ത് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകക്കും 20 വയസ്സുള്ള യുവതിക്കുമാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 31 ആയി.

Leave A Reply

error: Content is protected !!