വാളയാറിൽ വൻ കുഴൽപ്പണ വേട്ട; 45 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: വാളയാറിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. 45 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പിക്കപ്പ് വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കടത്താൻ ശ്രമിച്ച രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂര്‍ ഈച്ചനാറി ഗംഗാനഗര്‍ സ്വദേശിയേയും, ചീരത്തോട്ടം ചെമ്മട്ടി കോളനി സ്വദേശിയേയുമാണ്  പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് കുഴല്‍പ്പണം പിടികൂടിയത്. പിടിയിലായവർ ഏജൻ്റുമാർ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. 500 ൻ്റെ 62 കെട്ടും 2000 ൻ്റെ എഴ് കെട്ട് നോട്ടുമാണ് പിടികൂടിയത്.

ഡിവൈ.എസ്.പി മനോജ് കുമാർ, വാളയാർ സി.ഐ പി.എം ലിബി, എ.എസ്.ഐ ജയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണം വാളയാറിൽ നിന്നും പിടികൂടിയിരുന്നു.

Leave A Reply