സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഇടപെടല്‍ സ്വാഗതാര്‍ഹം; എന്‍ഐഎ അന്വേഷണം നടക്കട്ടെ: മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഇടപെടല്‍ സ്വാഗതാര്‍ഹം; എന്‍ഐഎ അന്വേഷണം നടക്കട്ടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ എന്‍ഐഎ അന്വേഷണത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. എന്‍ഐഎ ഫലപ്രദമായി അന്വേഷണം നടത്താന്‍ കഴിയുന്ന ഏജന്‍സിയാണ്. കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവെന്നാണ് അഭിപ്രായം. പഴയ കേസുകള്‍ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു. സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയത് അന്വേഷിക്കേണ്ട കാര്യമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വളരെ പെട്ടന്ന് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായി എന്നത് മികച്ചകാര്യമാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. കേസ് അന്വേഷിക്കന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് എന്‍ഐഎ. ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയുന്ന ഏജന്‍സിയാണ് അവര്‍. അന്വേഷണം തുടരട്ടേയെന്നും കേസിലെ പ്രതികളെ കണ്ടെത്താന്‍ സാധിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും സാമ്പത്തികഭദ്രത തകര്‍ക്കുന്ന കാര്യമാണ് സ്വര്‍ണ കള്ളക്കടത്ത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുന്‍പുള്ള സ്വര്‍ണക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷിക്കും. അങ്ങനെ വരുമ്പോള്‍ ആരിലേക്കൊക്കെ അന്വേഷണം എത്തുമെന്നുള്ളത് പലര്‍ക്കും നെഞ്ചിടിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുന്നത് തൃപ്തികരമല്ലെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഏജന്‍സി അന്വേഷണം ആരംഭിക്കുന്നതില്‍ ആശങ്കയുള്ളവരാണ് ഇതില്‍ പ്രതിഷേധവുമായി എത്തുന്നത്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ.

സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് കൂടുതല്‍ ഒന്നും ചെയ്യാനില്ല. ആകെ ചെയ്യാനുള്ളത് ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാന്‍ പ്രത്യേക നിയമം ഉണ്ടാക്കുക എന്നതാണ്. അക്കാര്യം പരിഗണിക്കും.  സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട വിവാദസ്ത്രീയുമായി ബന്ധം പുലര്‍ത്തിയെന്ന കാരണത്തിലാണ് ഐടി സെക്രട്ടറി എം ശിവശങ്കരനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണോ ഇവര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി NIA എഫ്.ഐ.ആര്‍.  പി.എസ് സരിത്തിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്.  യു.എ.പി.എ ചുമത്തിയ കേസില്‍ സ്വര്‍ണം കടത്തിയത്  ഫൈസല്‍ ഫരീദിന് വേണ്ടിയാണെന്നും എഫ്ഐആറില്‍ വ്യക്തമാകുന്നു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യു.എ.പി.എ പതിനഞ്ചാം വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തിയെന്നാണ് ഈ വകുപ്പനുസരിച്ചുള്ള കേസ്. രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള സ്വര്‍ണക്കടത്തായതിനാല്‍ ഇതിന് രാജ്യാന്തര ബന്ധങ്ങള്‍ ഉണ്ടാകാമെന്നും എന്‍.എ.ഐ വിലയിരുത്തുന്നു. ഇന്ത്യ യു.എ.ഇ നയന്ത്ര ബന്ധത്തെപ്പോലും ബാധിക്കാവുന്ന കേസായതിനാലാണ് അതീവ പ്രാധാന്യത്തോടെ എന്‍‍.ഐ.ഐ കേസില്‍ ഇടപെട്ടിരിക്കുന്നത്

Leave A Reply

error: Content is protected !!