ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചു… ജാഗ്രതയിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിലാകും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് ഇന്റർപോൾ ഉൾപ്പെടെയുളള അന്തർദേശീയ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

പൊലീസ് നിലവിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു. നിലവിൽ 47 പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരായി 90 കേസുകളും ചുമത്തിയിട്ടുണ്ട്.

കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സാമൂഹികമാദ്ധ്യമങ്ങളിലെ 16 ഗ്രൂപ്പുകൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ എട്ട് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ്.

സംസ്ഥാനത്തുടനീളം ശനിയാഴ്ച 117 ഇടങ്ങളിലാണ് ഓപ്പറേഷൻ പീ-ഹണ്ട് റെയ്ഡ് നടന്നത്. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്താണ്. 15 ആളുകളുടെ പേരിലാണ് കേസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നാല് പേർ വീതവും എറണാകുളത്ത് അഞ്ച് പേരുമാണ് അറസ്റ്റിലായത്.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ കാണുന്നവരും കൈവശം സൂക്ഷിച്ചവരും വിൽപ്പന നടത്തിയവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. അപ്‌ലോഡ്‌ ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായ യുവാവ് 500 രൂപയ്ക്കാണ് ദൃശ്യങ്ങൾ വിൽപ്പന നടത്തുന്നത്.

Leave A Reply