വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല..

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായ 47 പേരിൽ ഇടുക്കിയിലെ ഡോക്ടറും ഉള്‍പ്പെടുന്നു. കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശിയായ ഡോക്ടർ വിജിത്ത് ജൂൺ ആണ് അറസ്റ്റിലായത്. അതേസമയം, ഈ 47 പേരിൽനിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.

കോട്ടയം മാനത്തൂർ സ്വദേശി ടിനു തോമസ്ആണ് ഇടുക്കി ജില്ലയിൽ പിടിയിലായ മറ്റൊരാൾ. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് കുടുക്കിയത് അവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ നിരീക്ഷിച്ചു. ഓരോ ഗ്രൂപ്പിലും ഇരുനൂറിലധികം അംഗങ്ങളുണ്ടായിരുന്നു.

ഐപി വിലാസങ്ങളിലൂടെ കണ്ടെത്തി കേരളത്തിലെ 117 ഇടങ്ങളിൽ ഇന്നലെ രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് എന്ന പേരിൽ റെയ്ഡ്. ചിലർക്ക് കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

Leave A Reply