അണുനശീകരണം ഉള്‍പ്പടെ നടത്തുന്നതിന് ജില്ല പഞ്ചായത്ത് 7.05 ലക്ഷം അനുവദിച്ചു

ആലപ്പുഴ: മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ മുന്നോടിയായി സ്‌കൂളുകളില്‍ അണുനശീകരണം ഉള്‍പ്പടെ നടത്തുന്നതിന് ജില്ല പഞ്ചായത്ത് തുക അനുവദിച്ചു. രാവിലെ ഇതു സംബന്ധിച്ച് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സ്കൂള്‍ അണുവിമുക്തമാക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു. ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 47 സ്‌കൂളുകള്‍ക്കും 15,000 രൂപ വീതം 7,05,000രൂപ അനുവദിച്ചു.

യോഗത്തില്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.റ്റി. മാത്യൂ അധ്യക്ഷത വഹിച്ചു. പരീക്ഷാ ഹാളില്‍ ഓരോ കുട്ടിക്കും പ്രത്യേകം ബോട്ടിലില്‍ കുടിവെള്ളം നല്‍കല്‍, പരീക്ഷ കഴിഞ്ഞയുടന്‍ ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കുക, സ്‌കൂള്‍ പ്രവേശന കവാടത്തിലും സ്‌കൂളിന് സമീപത്തുള്ള ജംഗ്ഷനിലും കുട്ടികള്‍ കൂട്ടം കൂടി നില്‍കുന്നില്ലെന്ന് ഉറപ്പാക്കല്‍, പരീക്ഷ നടക്കുന്ന മുറികളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉറപ്പാക്കല്‍, കൃത്യമായ മാനദണ്ഡങ്ങളോടെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം, പനി, ചുമ, തുമ്മല്‍ തുടങ്ങിയ രോഗ ലക്ഷണമുള്ളവരെ പ്രത്യേകം മുറികളില്‍ ഇരുത്തി പരീക്ഷ എഴുതിക്കുക, സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക, പരീക്ഷാ ഹാളില്‍ കയറുന്നതിന് മുന്‍പും ശേഷവും കൈകള്‍ അണുവിമുക്തമാക്കുക, കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ ധരിക്കുക.

Leave A Reply