വന്ദേ ഭാരത് മിഷൻ : കുവൈത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിന്റെ 26 സർവീസുകൾ

കുവൈത്ത് സിറ്റി; കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് പദ്ധതിയിൽ കുവൈത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിന്റെ 26 സർവീസുകളുണ്ടാകും. അവയിൽ ഭൂരിപക്ഷവും കേരളത്തിലേക്കുമായിരിക്കുമെന്നാണ് വിവരം.

ജൂൺ ആദ്യവാരം മാത്രമായിരിക്കും സർവീസ് ആരംഭിക്കുക. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിൽ നിന്ന് പ്രവാസികളെ ഇന്ത്യയിൽ എത്തിക്കുന്നതിന് 97 സർവീസ് നടത്താൻ ഇൻഡിഗോ എയർ വെയ്സിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

വന്ദേ ഭാരത് പദ്ധതിയിൽ കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം കുറവാണെന്ന് പരാതിയുണ്ടായിരുന്നു. എയർ ഇന്ത്യയുടെ പരിമിത സർവീസ് മാത്രമാണ് നിലവിലുള്ളത്. 2 ഘട്ടങ്ങളിലായി കുവൈത്തിൽ നിന്ന് 2000ൽ താഴെ ആളുകൾക്ക് മാത്രമാണ് നാടണയാൻ കഴിഞ്ഞത്. 65,000ലേറെ ആളുകൾ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുമുണ്ട്.

Leave A Reply