രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്;‌ രോഗികളുടെ എണ്ണം 1,20000 കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6088 പോസിറ്റീവ് കേസുകളും 148 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 123711 ആയി ഉയർന്നു. ഇതുവരെ 3676 പേർ മരിച്ചു. അതേസമയം, 50,857 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ 2940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 44,582 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 63 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 1517 ആയി. ഇതുവരെ 12,583 പേർക്കാണ് രോഗം ഭേദമായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത 786 കേസുകളിൽ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 14,753 ആയി. 98 പേർ മരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു. 24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 275 പുതിയ കേസുകൾ. 26 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 41 ശതമാനമായി ഉയർന്നു. ഇതുവരെ 27,19,434 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 1,03,514 സാമ്പിളുകൾ പരിശോധിച്ചു. മരണനിരക്ക് 3.13ൽ നിന്ന് 3.02 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Leave A Reply