സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ അറവു ശാലകളാകുന്നു ;താലൂക്ക് ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ തുടങ്ങണം

ലോക്ക്ഡൗണ്‍വന്നതോടെ മലയാളിയുടെ അസുഖമെല്ലാം മാറിയോ? സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ നിലവിലെ അവസ്ഥ കണ്ടാല്‍ ഇതാണ് തോന്നുക. രോഗികള്‍ തിങ്ങി തിരുകിയിരുന്ന ഓപികള്‍ ഏതാണ്ട് കാലിയായി. അടിയന്തര ശസ്ത്രിക്രിയ ചെയ്തില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും തട്ടിപ്പോകും എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ അപൂര്‍വ്വമായി. അത്യാസന്ന നിലയിലുള്ള രോഗികളെയുമായി ഒരാശുപത്രിയിൽ നിന്നും മറ്റൊരാശുപത്രിയിലേക്കുള്ള ആംബുലൻസുകളുടെ പരക്കം പാച്ചിലും കാണുന്നില്ല .

ഐസിയുകളും വെന്റിലേറ്ററുകളും അടഞ്ഞ് കിടക്കുന്നു. ആശുപത്രികളുടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞുവെന്ന് പല സ്വകാര്യ ആശുപത്രികളുടെ മാനേജുമെന്റും വ്യക്തമാക്കി . പലയിടത്തും ജീവനക്കാരെ 10 ദീവസം വിതമുള്ള ഷിഫ്റ്റുകളായി തിരിച്ചു. ശമ്പളം മൂന്നിലൊന്നായി കുറച്ചു .

സംസ്ഥാനത്ത് ഏകദേശം ആയിരത്തി അഞ്ഞൂറോളം ആശുപത്രികളാണ് കിടത്തി ചികിത്സയുള്ളത്. പുറത്തിറങ്ങുന്നതിന് വിലക്കുള്ളതിനാല്‍ പ്രമേഹം, ഹൃദ്രോഗം, ആസ്തമ തുടങ്ങി വിവിധതരം രോഗികള്‍ നിലവിലുള്ള മരുന്ന് കഴിച്ച് തുടരുകയാണെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണിന് ശേഷം സ്ഥിതി മാറുമെന്നാണ് ആശുപത്രികളുടെ വിലയിരുത്തല്‍.

കോവിഡ് ഭയം മൂലം രോഗികളുടെ എണ്ണം 20% ആയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ് . വൈറസ് ബാധിക്കുമെന്ന സംശയത്താൽ ജനം ആശുപത്രികളിൽ എത്തുന്നില്ല. യാത്രാ നിയന്ത്രണവും ഇതിനൊരു കാരണമാണ്. സ്വകാര്യ ആശുപത്രികൾ അടച്ചിട്ടാൽ ആരോഗ്യമേഖല സ്തംഭിക്കും .

സംസ്ഥാനത്തെ ആശുപത്രികളിൽ 60% സ്വകാര്യമേഖലയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളിലെ ചില ആശുപത്രികൾ അടച്ചിട്ടു . രോഗികൾ കുറഞ്ഞെങ്കിലും ചെലവിൽ കാര്യമായ കുറവില്ല. ജീവനക്കാർക്കു ശമ്പളം കൊടുക്കണം. റജിസ്ട്രേഷൻ ഫീസുകൾ , വെദ്യുതി, വെള്ളം നിരക്കുകൾ എല്ലാം അടക്കണം ,

അതേസമയം രോഗികൾ കുറവെന്ന കാരണം നിരത്തി മിക്ക സ്വകാര്യ ആശുപത്രികളും ജീവനക്കാർക്കും നേഴ്സുമാർക്കും കഴിഞ്ഞ മാസങ്ങളിൽ ശമ്പളം നൽകിയില്ല. ചിലയിടങ്ങളിൽ പകുതി നൽകി. ചിലയിടങ്ങളിലാകട്ടെ നിസ്സാരതുക അഡ്വാൻസായി നൽകി മുഴുവൻ ശമ്പളത്തിന്റെയും രേഖ ഒപ്പിട്ടുവാങ്ങി. എന്നാൽ ഏതാനും ആശുപത്രികൾ കൃത്യമായി ശമ്പളം നൽകിയിട്ടുമുണ്ട്.

അടിയന്തരവും അല്ലാത്തതുമായ ശസ്ത്രക്രിയകൾ മിക്കവാറും എല്ലാ ആശുപത്രികളിലും നടക്കുന്നുണ്ട്. ടെലിമെഡിസിനും ഓൺലൈൻ ചികിത്സയും മിക്ക ആശുപത്രികളും തുടങ്ങിയിട്ടുണ്ട്. ഫാർമസികളും പ്രവർത്തിക്കുന്നു. രോഗികൾക്ക് ആശുപത്രികളിൽ എത്താൻ ലോക്ഡൗൺ തടസ്സമല്ല.

അതേസമയം ഈ സാഹചര്യത്തിൽ പതിനായിരക്കണക്കിന് ജീവനക്കാർ തെരുവിലാകുന്ന അവസ്ഥയാണ്. നിലവിൽ തന്നെ പകുതിയിൽ താഴെ ജീവനക്കാർക്കേ ജോലിയുള്ളൂ. താൽക്കാലികക്കാർക്ക് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ മാത്രം 80,000ത്തോളം. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും സ്വീപ്പർ, ക്ലീനർമാർ ഉൾപ്പെടെ ഒരു ലക്ഷത്തിനു പുറത്ത് വരും മറ്റു ജീവനക്കാർ.

ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ അറവു ശാലകളായി മാറി . ഒരു ചെറിയ പനിക്കോ ജലദോഷത്തിനോ ചെന്നാൽ പോലും ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപ വേണം . അത് ഗ്രേഡ് അനുസരിച്ച് കൂടിക്കൊണ്ടിരിക്കും . അത്യാവശ്യം ഒരു ഡോക്റ്റർ മാത്രമുള്ള പ്രൈവറ്റ് ക്ലിനിക്കുകളിലാണ് ഈ അഞ്ഞൂറ് ആകുന്നത് . അത്യാവശ്യം ലാബും ഫർമസിയും ഒബ് സർവേഷനും ഉള്ളിടത്താണെങ്കിൽ ഒരു മണിക്കൂർ ഒബ് സർവേഷനിൽ കിടത്തി ആയിരം രൂപവരെ ഈടാക്കും .

കിടത്തി ചികിത്സയും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറും ഉള്ളടത്താണെങ്കിൽ രണ്ടായിരം മിനിമം ബില് അടക്കേണ്ടി വരും . ഒരു നെഞ്ചു വേദനയുമായിട്ടാണ് കാർഡിയോളജി ഡിപ്പാർട്ടുമെന്റുള്ള ഒരു ആശുപത്രിയിൽ വരുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു ലക്ഷം രൂപ കരുതിക്കോണം . ഗ്യാസ്ട്രബിൾ കൊണ്ട് നെഞ്ചു വേദന വരുന്നത് സർവ്വ സാധാരണമാണ് . ഇതറിയാതെ ഇങ്ങനെ വരുന്ന വേദനയുമായി ഇവിടങ്ങളിൽ വന്നാൽ നേരെ ഐ സി യു കയറ്റും . പെട്ടന്ന് തന്നെ ഇ സി ജി , ബ്ലഡ് ടെസ്റ്റ് യൂറിൻ തുടങ്ങിയ ഏതൊക്കെ ടെസ്റ്റുകളുണ്ടോ അതെല്ലാം നടത്തും .

അതിന്റെ യൊന്നും ഫലം വരൻ കാത്തു നിൽക്കില്ല ഉടൻ ആൻജിയോഗ്രാം ചെയ്യണമെന്ന് പറയും . അങ്ങനെ ആൻജിയോഗ്രാം ചെയ്യാനുള്ള തീരുമാനമെടുത്താൽ അതിന്റെ തയ്യാറെടുപ്പിനായി ആ ആശുപത്രിയിലെ ഏറ്റവും ഫെസിലിറ്റിയുള്ള റൂമിലേക്ക് മാറ്റും ആ റൂമിനു കുറഞ്ഞത് മൂവായിരം രൂപ വാടകയും ടാക്‌സും ജി എസ് ടി യും എല്ലാം കൂടി ഒരു ദിവസം നാലായിരം രൂപാവരും . അങ്ങനെ രണ്ടു ദിവസം ആ റൂമിൽ കിടത്തും മൂന്നാം ദിവസം ആൻജിയോഗ്രാം ചെയ്യും . അതുകഴിഞ്ഞും ആ റൂമിൽ തന്നെ കിടത്തും . അതിനുശേഷം രോഗിയെയും ബന്ധുക്കളെയും പറഞ്ഞു പേടിപ്പിക്കും മൂന്നു ബ്ലോക്ക് ഉണ്ട് ഇപ്പോൾ തന്നെ ആന്ജിയോപ്ലാസ്റ്ററി ചെയ്യണം ,

ഇല്ലെങ്കിൽ ജീവൻ അപകടത്തിലാകും എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്തും . ഈ ഭയപ്പാടിൽ ആന്ജിയോപ്ലാസ്റ്ററിക്ക് സമ്മതിക്കും . സമ്മതിച്ചില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ്ജ് ചെയ്യും , ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ കയ്യിൽ കിട്ടുന്ന ബില്ലു കണ്ടു ബോധം പോകുന്ന രോഗിയെ വീണ്ടും അഡ്മിറ്റ് ചെയ്യേണ്ട സ്ഥിതി വരും . ഏകദേശം ഒരു ലക്ഷം രൂപയുടെ ബിൽ ഉറപ്പാണ് . ഐ സി യു ചാർജ്ജ് , മെഡിസിൻ . നഴ്സിംഗ് കെയർ , റൂം വാടക , ലാബ് ടെസ്റ്റ് , ക്‌ളീനിംഗ് ഹെൽപ്പർ തുടങ്ങി പതിനഞ്ചോളം കാറ്റഗറി കളിലായിട്ടായിരിക്കും ഈ തുക വീതിച്ചിടുന്നത് , ആന്ജിയോപ്ലാസ്റ്ററി കൂടി നടത്തിയാൽ കുറഞ്ഞത് മൂന്ന് ലക്ഷം ഉറപ്പാണ് .

ഇതിൽ നഴ്സിംഗ് കെയറിന് ഇട്ടിരിക്കുന്ന തുക കണ്ടാൽ തോന്നും ഇവിടുത്തെ നഴ്സുമാർക്ക് ഡോക്ടറെക്കാളും ശമ്പളം ലഭിക്കുന്നുണ്ടെന്ന് . ഒരു ദിവസത്തേക്ക് നഴ്സിംഗ് കെയർ ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞത് . ഒരു നഴ്സിന്റെ കീഴിൽ അഞ്ചും ആറും രോഗികളുണ്ടാകും . ഒരു രോഗിക്ക് ആയിരം വച്ച് അഞ്ച് രോഗികളിൽ നിന്നും അയ്യായിരം രൂപ ഒരു ദിവസം ഈടാക്കുന്നത് . ഒരു നഴ്സിന് കൊടുക്കുന്ന ശമ്പളമോ പതിനായിരവും .

അതേസമയം ഇത് ഒരുസർക്കാർ മെഡിക്കൽ കോളേജിലോ മറ്റോ ആഞ്ജിയോഗ്രാം നടത്തിയാൽ പരമാവധി രണ്ടായിരം രൂപ . ആഞ്ജിയോ പ്ലാസ്റ്ററി നടത്തിയാൽ ചിലവാക്കുന്നത് ഏറിയാൽ പതിനായിരം രൂപ . എല്ലാ സർക്കാർ ആശുപത്രികളിലും ഈ സംവിധാനം ഇല്ലാത്തതാണ് സ്വകാര്യ ആശുപത്രികളുടെ നേട്ടം . മാറി മാറി വരുന്ന സർക്കാരുകളും പ്രൈവറ്റ് ആശുപത്രി മാനേജ്‌ജുമെന്റുകളുമായുള്ള അവിശുദ്ധ ബന്ധമാണ് സർക്കാർ ആശുപത്രിയിൽ ഈ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് . സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ എല്ലാ താലൂക്ക് ആശുപത്രികളിലും ഈ സംവിധാനം ഏർപ്പെടുത്തണം . വിദഗ്ദരായ ഡോക്ടർമാരുടെ സേവനം മുതലാക്കുക .

ഓരോ വർഷവും ആരോഗ്യമേഖലയുടെ വികസനത്തിനും ഉന്നമനത്തിനുമായി സാധാരണക്കാരന്റെ നികുതിപ്പണം കോടികൾ മാറ്റിവയ്ക്കുന്നുണ്ടല്ലോ ? ഇങ്ങനെ മാറ്റിവയ്ക്കുന്ന ഫണ്ട് രാഷ്ട്രീയക്കാർക്ക് സ്വന്തം കീശ വീർപ്പിക്കുന്നതിനും അടിച്ചുമാറ്റുന്നതിനും വഴിയുണ്ടാക്കി കൊടുക്കാതെ താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ വരെ ഈ സംവിധാനം ഉണ്ടാക്കണം . ഇനിയെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കുക.

സ്വകാര്യ ആശുപത്രികളെ സഹായിച്ചു പാവപ്പെട്ടവനെ പിഴിയുന്ന സാഹചര്യം ഉണ്ടാക്കി കൊടുക്കാതിരിക്കുക , ഈ കോവിഡ് കാലത്ത് എത്ര സ്വകാര്യ ആശുപത്രികൾ സൗജന്യ സേവനങ്ങൾ നൽകി സർക്കാരിനോട് സഹകരിച്ചു ? സംസ്ഥാനത്ത് തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഒന്ന് പരാതി നോക്ക് . ഇവിടുത്തെ സ്വകാര്യ ആശുപത്രികളുടെ സേവനം സർക്കാർ ആവശ്യപ്പെടണം . അവർക്കും കോവിഡ് ടെസ്റ്റുകൾ നടത്താൻ അനുമതി നൽകണം .

അതും സൗജന്യമായി നടത്തിക്കണം . മാറി മാറി വരുന്ന സർക്കാരുകൾ ഇവർക്ക് വാരിക്കോരി സ്വാശ്രയ മെഡിക്കൽ കോളേജുകളും ഡന്റൽ , പാരാമെഡിക്കൽ ,നഴ്സിംഗ് കോളേജുകളും നല്കിയിട്ടുണ്ടല്ലോ . ആ വഴിക്ക് കോടികൾ സമ്പാതിക്കുന്നുണ്ടല്ലോ ? അവർക്കും സൂപ്പർ സ്പെഷ്യാലിറ്റിയും മൾട്ടി സ്പെഷ്യാലിറ്റിയും അവകാശപ്പെടുന്ന ആശുപത്രികൾക്കും സൗജന്യ കോവിഡ് ചികിത്സ നടത്താൻ സർക്കാർ നിർദ്ദേശം നൽകണം .

പാവങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാതെ പിന്നെങ്ങനെ സ്വകാര്യ ആശുപത്രികളിൽ വലിയ കെട്ടിടങ്ങളും മണിമന്ദിരങ്ങളുമൊക്കെ പണിയും ? അതുപോലെ സ്വകാര്യ ആശുപത്രികളുടെ ചികിത്സാ നിരക്ക് ഏകീകരിക്കണം , ഒരേ രോഗത്തിന്റെ ചികിത്സക്ക് പല ആശുപത്രിയിലും പല ഫീസാണ് ഈടാക്കുന്നത് , അവർക്കു തോന്നിയതും ആളും താരവും നോക്കിയുമാണ് ബില്ലിടുന്നത് . ഈ പ്രവണത നിർത്തലാക്കണം .

മുഖ്യമന്ത്രി പിണറായി വിജയനിലും ആരോഗ്യ മന്ത്രി കെ കെ ഷൈലജയോടും പറയാൻ ഒറ്റക്കാര്യമേയുള്ളു . ഇവരെ നിലക്ക് നിറുത്തണം . അതിനായി മറ്റൊന്നും ചെയ്യേണ്ട കടം എടുത്താലും പലിശക്ക് മേടിച്ചാലും ഫണ്ട് കണ്ടെത്തി താലൂക്ക് തലങ്ങളിലുള്ള ആശുപത്രികളിൽ വരെ ഐ സി യു വും കാർഡിയാക് ഓപ്പറേഷൻ തിയറ്ററുകളും സജ്ജീകരിക്കുക വിദഗ്ദരായ ഡോക്റ്റർമാരെയും നിയമിക്കുക . മാന്യമായ ശമ്പളം കൊടുത്താൽ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ പോകില്ല സർക്കാർ ആശുപത്രികളിൽ തന്നെ വരും .

സർക്കാർ ഖജനാവിലെ പാവങ്ങളുടെ വരെ പണമെടുത്ത് കെ എം മാണിക്ക് സ്മാരകം പണിയാൻ അഞ്ചു കൊടിയൊന്നും കൊടുക്കാതെ ആ പണം കൊണ്ട് അഞ്ച് താലൂക്ക് ആശുപത്രികളിൽ ഐ സി യു വും നൂതന ശസ്ത്രക്രിയ തിയേറ്ററുകളും പണിയുക . ഒരുപാടു നിർധനരായ രോഗികൾക്ക് പ്രയോചനം കിട്ടും . ചികിത്സ കിട്ടാതെ മരിക്കുന്ന അവസ്ഥ ഉണ്ടാകില്ല .

ഈ കൊറോണ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട് സർക്കാർ പ്രവർത്തിക്കണം . ഇല്ലങ്കിൽ ജനം തെരുവിലിറങ്ങും .

Leave A Reply