അന്താരാഷ്ട്ര ചായദിനത്തിൽ പലതരം ചായകളെക്കുറിച്ചറിഞ്ഞാലോ…

ഇന്ത്യക്കാരുടെ ദേശീയ പാനീയമാണ് ചായ. ചായ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. പല തരത്തിലുള്ള ചായകള്‍ ദിനംപ്രതി ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. ചായയില്ലാതെ ഒരു ദിവസം ആരംഭിക്കുക എന്നു പറഞ്ഞാല്‍ 90 ശതമാനം ആളുകള്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ ചായക്കായ് ഒരു ദിനം .2019 ഡിസംബറിലാണ് എല്ലാ വര്‍ഷവും മേയ് 21 അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. 2015ല്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതുവരെ ഡിസംബര്‍ 15 ആയിരുന്നു ചായദിനം .എന്നാല്‍ മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസണ്‍ തുടങ്ങുന്നത് മേയിലാണ് അതുകൊണ്ടാണ് മേയ് 21ലേക്ക് ചായ ദിനമായി മാറ്റിയത്.

വികസ്വരരാജ്യങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങളുടെ വരുമാനമാര്‍ഗം കൂടിയാണ് തേയില അല്ലെങ്കില്‍ ചായ വ്യവസായം. തേയിലയുടെ സുസ്ഥിര ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതും ദാരിദ്ര്യത്തെയും പട്ടിണിയെയും ഇല്ലാതാക്കുന്നതില്‍ തേയില ഉത്പാദനവും വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്തുന്നതുമാണ് അന്താരാഷ്ട്ര ചായദിനം കൊണ്ടുള്ള ലക്ഷ്യം.

എന്നാല്‍ ഇന്ന് പലതരത്തിലുള്ള ചായകള്‍ വിപണിയില്‍ സുലഭമാണ്. രണ്ടക്ഷരമുള്ള ചായ നിസാരക്കാരനാണെന്ന്‌ കരുതിയാല്‍ നമുക്ക് തെറ്റി. ഒരു കപ്പ്‌ നല്ല ചായ കിട്ടിയാല്‍ ആരാണ്‌ വേണ്ടെന്ന്‌ വയ്‌ക്കുക? ഉന്മേഷവും ഉണര്‍വും പകരാന്‍ ചായ എപ്പോഴും സ്വീകാര്യമാണ്‌. അതുകൊണ്ട്‌ തന്നെ ചായകുടിക്കാരുടെ എണ്ണം ദിവസംപ്രതി കൂടിക്കൂടിവരുകയാണ്. എന്തിനും ഏതിനും ചായസല്‍ക്കാരങ്ങള്‍ ഒരു നിര്‍ബന്ധമായി മാറിയിരിക്കുന്നു. ഇന്ന്‌ ലോകത്തെവിടെയും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയമാണ്‌ ചായ. മാത്രവുമല്ല എല്ലാവിധ ഗുണമുള്ള ടോണിക്കാണ്‌ ചായ എന്ന്‌ തെളിഞ്ഞിട്ടുമുണ്ട്‌. തലവേദനയ്‌ക്ക്, ജലദോഷത്തിന്‌, അമിതവണ്ണം കുറയ്‌ക്കാന്‍, ശരിയായ രക്‌തസംക്രമണം നടക്കാന്‍, കിഡ്‌നി നല്ലതുപോലെ പ്രവര്‍ത്തിക്കാന്‍, അങ്ങനെ പലതിനും ചായ ഒരു ഒന്നാംതരം പാനീയമാണ്‌. ചിലപ്പോള്‍ ഇതുകൊണ്ടായിരിക്കും പലരും ഇപ്പോള്‍ ചായയ്‌ക്ക് അഡിറ്റായത്.

ചായയുടെ ജന്മനാട് എവിടെയാണെന്ന് എന്നതിന് ക്യത്യമായ ഉത്തരമില്ല.എങ്കിലും അയ്യായിരം വര്‍ഷംമുമ്പ് ചൈനയിലാണ് ചായയുടെ തുടക്കം എന്നതിന് മുന്‍തൂക്കമുണ്ട്. ‘ ബി.സി. 2732ല്‍ ചൈനീസ് ചക്രവര്‍ത്തിയായ ഷെന്‍ നൂങ് വേട്ടയ്ക്കിറങ്ങിയ ഒരു ദിവസം. തിളപ്പിക്കാന്‍വെച്ച വെള്ളത്തിലേക്ക് ഒരു കാട്ടുചെടിയുടെ ഇല പാറിവീഴുന്നു. വെള്ളം മെല്ലെ തവിട്ടുനിറമായി. പോരാത്തതിന് കൊതിപ്പിക്കുന്നൊരു മണവും. ചക്രവര്‍ത്തി വെള്ളമൊന്നു തൊട്ടു നാവില്‍വെച്ചു. ആ പാനീയം നല്‍കിയ ഉന്മേഷം ചക്രവര്‍ത്തിക്കു നന്നേ ബോധിച്ചു. ‘തന്റെ ശരീരത്തിലെ ഓരോ ഭാഗത്തെയും അന്വേഷിച്ചിറങ്ങുന്നപോലെ’എന്നായിരുന്നത്രേ ഷെന്‍ നൂങ് പറഞ്ഞത്. ആ പാനീയത്തിന് ‘ചാ’ എന്നദ്ദേഹം പേരിട്ടു. ചൈനീസ് ഭാഷയില്‍ ചാ എന്നാല്‍ അന്വേഷണം.എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലോ വടക്കന്‍ മ്യാന്‍മാറിലോ ആണ് ചായയുടെ ജനനമെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

എന്നാല്‍ ചായ പാനീയമായി ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയത് ബ്രിട്ടീഷുകാരാണ്. തേയില ഉത്പാദനത്തില്‍ ചൈനയെ കടത്തിവെട്ടാനായിരുന്നു ബ്രിട്ടന്റെ മനസ്സിലിരുപ്പ്. ഇന്ത്യന്‍ മണ്ണ് തേയില വളര്‍ത്താന്‍ മികച്ചതാണെന്ന് തിരിച്ചറിഞ്ഞ് ബ്രിട്ടന്‍ ഇവിടെ തേയിലകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടു. 14 വര്‍ഷത്തിന്റെ ശ്രമത്തിനൊടുവിലാണ് വ്യാവസായികാടിസ്ഥാനത്തിലെ തേയില ഉത്പാദനം ഇന്ത്യയില്‍ പച്ചപിടിച്ചു തുടങ്ങിയത്. ചായകള്‍ പലതരം എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ലോകത്ത്. ഓരോ നാടിന്റെയും രുചിഭേദങ്ങള്‍ക്കനുസരിച്ച് പലതരം ചായകള്‍ മേശപ്പുറത്തു നിറയും. കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഊലോങ്, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ, കോള്‍ഡ് ബ്രൂ, ബട്ടര്‍ ചായ, ലെമണ്‍ പോലെ ഐസ്‌ ടീയും, ഏലയ്‌ക്കാ ചായ അങ്ങനെ എത്രയോ തരം.ഇനിയും കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ചായയ്‌ക്ക് മറ്റൊരു രൂപമായിരിക്കും നമ്മള്‍ കാണുക. ഏതായാലും ഇപ്പോഴുള്ളതിലും ഒട്ടും മോശമാകാന്‍ വഴിയില്ല.

Leave A Reply