കുവൈത്തിൽ പൊതുമാപ്പ്; താമസ നിയമലംഘകർക്കു പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

 

കുവൈത്തില്‍ പൊതുമാപ്പ്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം. ആഭ്യന്തരമന്ത്രി അനസ് അൽസാലിഹ്‌ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മുപ്പത് വരെ ആണ് ഇളവ് അനുവദിക്കുക.

ഇക്കാലയളവിൽ നിയമലംഘകർക്ക് മറ്റു നടപടിക്രമങ്ങൾ ഒന്നും കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാം.  നിയമപരമായ മാർഗത്തിൽ വീണ്ടും കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനും തടസ്സമുണ്ടാകില്ല. നാട്ടിലേക്ക് മടങ്ങുന്നതിനു ഭരണപരമോ നിയമപരമോ ആയ തടസ്സങ്ങൾ ഉള്ള വിദേശികൾക്ക് താമസകാര്യ വകുപ്പിനെ സമീപിച്ചു തങ്ങളുടെ കേസുകൾ പുനഃപരിശോധിക്കാനും അവസരമുണ്ടാകും. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത നിയമലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

താഴെ പറയുന്ന ആറോളം വിഭാഗത്തിൽ പെടുന്നവർക്ക് പിഴ അടച്ചു താമസരേഖ ശരിയാക്കുന്നതിനും അനുമതി നൽകുന്നുണ്ട്.

  • കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാർ.
  • കുവൈത്ത് പൗരന്മാരുടെ വിദേശികളായ മാതാപിതാക്കൾ.
  • കുവൈത്തി വനിതകളുടെ വിദേശി ഭർത്താക്കമാരും അവരുടെ മക്കളും.
  • കുവൈത്തികളിൽ നിന്നും വിവാഹമോചനം നേടുകയോ വിധവയാവുകയോ ചെയ്ത, എന്നാൽ തങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്ന മക്കളുള്ള വിദേശവനിതകൾ
  • ഗാർഹിക തൊഴിലാളികൾ
  • 2020 മാർച്ച് ഒന്നിന് ശേഷം താമസനിയമലംഘകരായവർ

2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ വിമാനസർവീസുകൾ ഇല്ലാത്തതിനാൽ ഇളവുകാലം എങ്ങനെ പ്രയോജനപ്പെടുത്തും എന്ന ആശങ്കയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ. സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ സന്നദ്ധത അറിയിച്ച ചില രാജ്യങ്ങൾക്കു പ്രത്യേക വിമാന സർവീസ് നടത്താൻ കുവൈത്ത് വ്യോമയാന വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു. നയതന്ത്ര ഇടപെടലിലൂടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ എന്നാണ് കുവൈത്തിലെ ഇന്ത്യൻ സമൂഹം ഉറ്റുനോക്കുന്നത്.

Leave A Reply