സബ് കളക്ടർ മുങ്ങിയത് നവവധുവിനെ കാണാനോ?

ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥന്റേത് കടുത്ത നടപടി ദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ പത്തൊൻപതാം തിയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇത് ലംഘിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് ഉത്തരവ് ഇറക്കിയത്.

ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ബന്ധുക്കൾ ഒപ്പമില്ലാത്തതും കൂടുതൽ സുരക്ഷിതവും എന്ന നിലയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നായിരുന്നു സബ് കളക്ടറുടെ വിശദീകരണം.

ഈ മാസം 19 മുതല്‍ ക്വാറന്റൈനിലായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ ഔദ്യോഗിക വസതിയില്‍ നിന്ന് കാണാതാവുകയായിരുന്നു. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയിരുന്ന മിശ്ര തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി.2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്രയ്‌ക്കെതിരെ ഇതിനു മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Leave A Reply