കോവിഡ് 19: സൗജന്യമായി മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ലെ

ന്യൂഡൽഹി: രാജ്യം കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണായ സാഹചര്യത്തില്‍ സൗജന്യമായി മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ലെ. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് ഇത്രയും ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുക. ഇതിനായി നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കും. ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു.

‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും. ആളുകള്‍ വിശന്നിരിക്കാതിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’-മായങ്ക് ഷാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Leave A Reply