മലയാളി വേറെ ലെവലാണ്; ഇങ്ങനെ വേണം ശാരീരിക അകലം പാലിക്കാൻ; ‘കേരള മോഡൽ’ ചിത്രം പങ്കുവെച്ച് തരൂർ

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും അത്യാവശ്യം ശാരീരിക അകലവും സാമൂഹ്യ അകലവും പാലിക്കുക എന്നതാണ്. ആറടി അകലമെങ്കിലും പാലിച്ചുമാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്ന നിര്‍ദേശം സര്‍ക്കാരുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നുമുണ്ട്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കേരളം സമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പല മാതൃകകളും കാണിച്ചു നല്‍കിയിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് ആളുകള്‍ നില്‍ക്കുന്ന ചിത്രമായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെക്കൊണ്ട് സാമൂഹ്യ അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ രാജ്യത്തെമ്പാടുനിന്നും പുറത്തു വന്നു കഴിഞ്ഞു. ഇതിലൊരു ചിത്രം കേരളത്തില്‍നിന്നാണ്. റേഷന്‍ കടയിലെത്തിയ സ്ത്രീകയ്ക്ക് വ്യാസമേറിയ പിവിസി പൈപ്പിലൂടെ സാധനം നല്‍കുന്നതാണു ചിത്രം. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഈ ചിത്രം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.

കടയ്ക്കുള്ളിലേക്ക് കയറി നിന്ന് ആളുകള്‍ അരി വാങ്ങുന്നതിന് പകരം കടയ്ക്കുള്ളിലെ മേശയ്ക്ക് മുകളില്‍ ഒരു പ്ലാസ്റ്റിക് പൈപ്പ് ഫിറ്റ് ചെയ്ത് ഉപഭോക്താവിന് അതിലൂടെ അരി സഞ്ചിയില്‍ നല്‍കുന്ന റേഷന്‍ കടയുടമയുടേയും ഉപഭോക്താവിന്റേയും ചിത്രമായിരുന്നു അത്.

‘അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമയും ഉപഭോക്താവും തമ്മിലുള്ള ശാരീരിക അകലം എങ്ങനെ നിലനിര്‍ത്താം, കേരള മോഡല്‍! ‘എന്നു പറഞ്ഞുകൊണ്ടാണ് തരൂര്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇതെല്ലാം പുതിയ തരം കണ്ടുപിടുത്തങ്ങളാണെന്നും കേരളക്കാര്‍ക്ക് മാത്രമേ ഇതെല്ലാം സാധിക്കുള്ളൂവെന്നുമാണ് ചിലരുടെ പ്രതികരണം.

Leave A Reply