കോവിഡ് സ്രവ പരിശോധന ; കൂടുതൽ നിയന്ത്രണവുമായി കാസർകോട് കളക്ടർ

കാസർകോട്: ജില്ലയില്‍ കൊറോണ സ്രവ പരിശോധനയ്ക്ക് നിയന്ത്രണവുമായി കാസർകോട് ജില്ലാ കളക്ടർ സജിത് ബാബു. ഇനി മുതൽ പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജലദോഷം, തൊണ്ടവേദന, ചുമ, പനി എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പി.എച്ച്.സികളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ മാത്രം ജില്ലാ ആശുപത്രിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കാസർഗോഡ് അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും കളക്ടർ അറിയിച്ചു. ഇന്ന് ജില്ലയിൽ നിർണായക ദിനമാണെന്ന് ജില്ലാ കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക പടർത്തുന്നത് . ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു .

എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കൂടാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം നിലവിൽ ആവശ്യമില്ലെന്നും അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി .

കൊവിഡ് സ്രവ പരിശോധനയ്ക്ക് ജില്ലയിൽ കളക്ടർ സജിത് ബാബു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്ത ജാഗ്രതയിലാണ് കാസര്‍കോട് ജില്ല. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂർണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ തടഞ്ഞ് പൊലീസ് മടക്കി അയക്കുകയാണ് .

Leave A Reply