കൊറോണ ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ച ഉസ്‌താദ് അറസ്റ്റിൽ

കാസർകോട്: കൊവിഡ് 19 ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റിൽ. കാസർകോടാണ് സംഭവം . കോവിഡ് ഭീഷണി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഗോളിയടുക്ക പള്ളി ഉസ്താദ് കെഎസ് മുഹമ്മദ് അഷറഫിനെ ബദിയടുക്ക പോലീസാണ് അറസ്റ്റ് ചെയ്തത്.

അതെ സമയം ഇന്ന് കാസർഗോഡ് ജില്ലയിൽ നിർണായക ദിവസമാണെന്ന് ജില്ലാ കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന കാര്യം ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്നും കളക്ടർ പറഞ്ഞിരുന്നു.

എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കൂടാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം നിലവിൽ ആവശ്യമില്ലെന്നും അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി .

കൊവിഡ് സ്രവ പരിശോധനയ്ക്ക് ജില്ലയിൽ കളക്ടർ സജിത് ബാബു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave A Reply