കോവിഡ് ജാഗ്രത ; അകലം പാലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ; ഒരാൾ കുത്തേറ്റ് മരിച്ചു

ഉദ​ഗമണ്ഡലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഉദ​ഗമണ്ഡലം നൊണ്ടിമേ‍ട് സ്വദേശിയായ ആർ. ജ്യോതിമണി (35)യാണ് മരിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾ  ഊട്ടിയിലെ പച്ചക്കറി ചന്തയിൽ ലോഡിങ് തൊഴിലാളിയാണ്. സംഭവത്തിൽ 23 വയസ്സുള്ള ദേവദാസിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ പാലക്കാട് സ്വദേശിയാണ്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ചന്തക്ക് സമീപത്തുള്ള ചായക്കടയിൽ ചായ കുടിക്കാനെത്തിയതായിരുന്നു ജോതിമണി. കൊറോണ രോ​ഗബാധയിൽ തനിക്ക് ആശങ്കയുണ്ടെന്നും അതിനാൽ സുരക്ഷിതമായ അകലം പാലിക്കാനും ജ്യോതിമണി ദേവദാസിനോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിലവസാനിക്കുകയായിരുന്നു .

ജ്യോതിമണി ദേവദാസിനെ അടിക്കാൻ ശ്രമിച്ചപ്പോൾ കടയിൽ നിന്ന് കത്തിയെടുത്ത് ഇയാൾ ജ്യോതിമണിയെ കുത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ ജ്യോതിമണി മരിച്ചു. ശേഷം സ്ഥലത്തെത്തിയ പൊലീസ്  ദേവദാസിനെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ഇവരുടെ വഴക്കിന്റെ യഥാർത്ഥ കാരണം അവ്യക്തമാണെന്ന് നീല​ഗിരി പൊലീസ് സൂപ്രണ്ട് വി ശശി മോഹൻ പറഞ്ഞു. ദേവദാസ് അരികിൽ നിന്നപ്പോൾ ജ്യോതിമണി എതിർത്തതാണ് വഴക്കിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply