കോവിഡ് രോഗിയെന്ന് വിളിച്ച് അധിക്ഷേപിച്ചു; വാക്കേറ്റത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു

ഗൂഡല്ലൂർ: കോവിഡ് രോഗിയെന്നു വിളിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പാലക്കാട് സ്വദേശിയും ഊട്ടി മാർക്കറ്റിലെ ഹോട്ടൽ തൊഴിലാളിയുമായ ദേവദാസി(40)നെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയായിരുന്നു സംഭവം. ഊട്ടി മാർക്കറ്റിലെ ഹോട്ടലിൽ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോൾ ദേവദാസ് മേശയ്ക്കരികിലേക്കു കയറിവന്നു. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതാണെന്ന് പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരിൽ ദേവദാസിനെ അധിക്ഷേപിച്ചു.

തുടർന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ ഹോട്ടലിൽ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തിൽ കുത്തി. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Leave A Reply