ഇന്ത്യയില്‍ കൊറോണ വൈറസ് എത്ര വേഗത്തില്‍ പടരും; സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോർട്ട്

രാജ്യത്ത് എത്ര വേഗത്തില്‍ എത്ര പേരിലേക്ക് കൊറോണ വൈറസ് എത്തുമെന്നതിന്റെ കണക്കെടുപ്പും പഠനവും സര്‍ക്കാരിന് കീഴിലുള്ള ഐ.സി.എം.ആര്‍ (Indian Council of Medical Research) നടത്തിയിരുന്നു. രാജ്യത്തെ കൊറോണ വ്യാപനത്തില്‍ ഇടപെടല്‍ സാധ്യമാണെന്ന ശുഭാപ്തി വിശ്വാസവും റിപ്പോര്‍ട്ടിലുണ്ട്. പ്രതിരോധം പരമാവധി ഫലപ്രദമായി, ഫലപ്രദമായി, മോശപ്പെട്ട നിലയില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കൊറോണ വൈറസ് വ്യാപനത്തെ കണക്കാക്കിയിട്ടുള്ളത്.

ഫലപ്രദമായി കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ രാജ്യം വിജയിച്ചാല്‍ പോലും രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ 15ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നു. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ അഞ്ച് ലക്ഷത്തോളം പേരെയാണ് കൊറോണ വൈറസ് ബാധിക്കുക. 200 ദിവസമെടുത്താകും വൈറസിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ സാധിക്കുക. 200 ദിവസത്തിലാകും രോഗികളുടെ എണ്ണം ഇത്രയുമാവുകയെന്നും ഫെബ്രുവരി 27ന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും മോശമായി സാഹചര്യങ്ങള്‍ മാറുകയും കൊറോണ വൈറസ് പരമാവധി പേരിലേക്ക് പടരുകയും ചെയ്താല്‍ ന്യൂഡല്‍ഹിയില്‍ മാത്രം ഒരു കോടി പേരിലേക്ക് വൈറസ് പടര്‍ന്നു പിടിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മുംബൈയില്‍ നാല്‍പത് ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധിക്കും. ഇത് ഫെബ്രുവരി മുതല്‍ അമ്പത് ദിവസം കൊണ്ടായിരിക്കും സംഭവിക്കുകയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഡല്‍ഹിയില്‍ കൊറോണ വരുന്നവരുടെ എണ്ണം രണ്ട് ലക്ഷമായിരിക്കും. ഏറ്റവും ഫലപ്രദമായി തടഞ്ഞാല്‍ 700 ദിവസം കൊണ്ടായിരിക്കും ഇത്രയും പേരിലേക്ക് വൈറസ് എത്തുക. കൊറോണ വൈറസ് ലക്ഷണങ്ങളുള്ള പകുതി പേരെയെങ്കിലും മൂന്നു ദിവസത്തിനികം ക്വാറന്റെയ്ന്‍ ചെയ്യാന്‍ സാധിച്ചാൽ ഫലപ്രദമായി തടയാമെന്നും പറയുന്നു. ഒരു മാസം മുമ്പുള്ള സാഹചര്യങ്ങളും കണക്കുകൂട്ടലും അനുസരിച്ചുള്ള റിപ്പോർട്ടാണിതെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു എന്നീ നഗരങ്ങളാണ് ഇന്ത്യയുടെ അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങളെന്നും ഇവിടെ നിന്നാണ് പ്രാഥമിക വൈറസ് പടര്‍ന്നു പിടിക്കല്‍ ഉണ്ടാവുകയെന്ന കണക്കുകൂട്ടലിലുമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 രോഗം ബാധിച്ചവരില്‍ ഏതാണ്ട് പകുതി പേരെയെങ്കിലും വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ കണ്ടെത്താന്‍ സാധിക്കില്ല. പനി പോലുള്ള ലക്ഷണങ്ങള്‍ ഇവരിലുണ്ടാവാത്തതിനാല്‍ തെര്‍മല്‍ സ്‌ക്രീനിംങ് വഴിയുള്ള വിമാനത്താവളങ്ങളിലേയും മറ്റും പരിശോധനകള്‍ ഇവരില്‍ ഫലപ്രദമാകില്ല. കൊറോണ ബാധയില്ലെന്ന ധാരണയില്‍ ഇവരും പൊതുസമൂഹത്തില്‍ ഇടപെടുന്നതോടെയാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്.

ചൈനയില്‍ നിന്നെത്തിയ യാത്രക്കാരെ മാത്രം വിലയിരുത്തിയാണ് ഐ.സി.എം.ആര്‍ ഈ റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം വന്‍ തോതില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹവ്യാപനം ആരംഭിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.

Leave A Reply