ഗന്ധവും രുചിയും അറിയാതെ ആയെങ്കില്‍ സൂക്ഷിക്കുക, ചിലപ്പോള്‍ നിങ്ങള്‍ കോവിഡിന്റെ സ്വകാര്യ വാഹകരാകാം….

ലോകരാജ്യങ്ങളെയാകെയും ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങളും വൈറസ് ബാധയുണ്ടായവരില്‍ കണ്ടേക്കാം.  കൊറോണ വൈറസിനെതിരായ ലോകത്തിന്റെ പോരാട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെ തിരിച്ചറിയുക എന്നത്. ഇത്തരത്തില്‍ രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തിയിരിക്കുകയാണ് യു.കെയിലെ ഗവേഷകര്‍.

ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊവിഡ് പിടിപെട്ടതിന്റെ ലക്ഷണമാവാമെന്ന് യു.കെയിലെ നാസിക സംബന്ധമായ പഠനത്തില്‍ പറയുന്നു. ചിലപ്പോള്‍ മറ്റൊരു ലക്ഷണങ്ങളും കാണിച്ചില്ലെന്നു വരാമെന്നും പഠനത്തില്‍ പറയുന്നു. പെട്ടെന്ന് ഗന്ധം പിടിച്ചെടുക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ നേരിടുന്നുവെങ്കില്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളെ സസൂക്ഷ്മം നിരീക്ഷിച്ചതിന്റേയും പഠിച്ചതിന്റേയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു  നിഗമനത്തിലേക്ക്  തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

‘മൂക്കടപ്പ്, തൊണ്ടവേദന, ചുമ ഒക്കെയാണ് നമ്മള്‍ കൊവിഡ് 19ന്റെ പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ലക്ഷണങ്ങളൊന്നും കാണാത്തവരില്‍ കണ്ടേക്കാവുന്ന മറ്റൊരു ലക്ഷണമാണ് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ. അതിനാല്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍ എല്ലാം ഇക്കാര്യം കൂടി കണക്കിലെടുക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്…’- ഫ്രഞ്ച് ഹെല്‍ത്ത് സര്‍വീസ് മേധാവി ജെറോം സോളമന്‍ പറയുന്നു.

കൂടുതലായും ചെറുപ്പക്കാരാണ് ഇക്കാര്യം കരുതേണ്ടതെന്നും ഗവേഷകര്‍ എടുത്തുപറയുന്നുണ്ട്. എല്ലായ്‌പ്പോഴും വൈറസ് ബാധയെത്തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങള്‍ ഒരുപോലെ ആയിരിക്കില്ലെന്നും ഈ വിഷയം സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരികയാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

സൗത്ത് കൊറിയയിലും ചൈനയിലും ഇറ്റലിയിലും രോഗം പിടിപെട്ട മൂന്നിലൊന്നു രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ സ്ഥിരീകരിച്ചതായി യു.കെയിലെ ഇ.എന്‍.ടി വിദഗ്ദ്ധര്‍ അറിയിച്ചു. ലോകത്ത് രോഗം സ്ഥിരീകരിച്ച പല രോഗികള്‍ക്കും കൊവിഡ് 19ന്റെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാതെ മണവും രുചിയും കിട്ടാത്ത ലക്ഷണങ്ങളാണ് കാണിച്ചതെന്നും പ്രൊഫസര്‍മാര്‍ പറഞ്ഞു. അല്ലാത്തവര്‍ക്ക് വലിയ പനിയും ചുമയുമാണ് ലക്ഷണങ്ങളായി കണ്ടുവന്നത്.

പനിയില്‍ നിന്നും ചുമയില്‍ നിന്നും മാറി ഇത്തരം അസുഖങ്ങള്‍ ഉണ്ടാവുമ്പോള്‍ ആരും തന്നെ സാധാരണ ഗതിയില്‍ പരിശോധിക്കാന്‍ തയ്യാറായിക്കോളണം എന്നില്ല. അവര്‍ കൊവിഡ് 19ന്റെ ഒളിഞ്ഞിരിക്കുന്ന വാഹകരാകാം എന്നും പ്രസ്താവനയില്‍ പറയുന്നു.

രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പകര്‍ത്താന്‍ കൂടുതല്‍ സാധ്യത. പ്രത്യേകിച്ച് മുന്‍കരുതലുകളോ ക്വാറന്റെയ്ന്‍ നടപടികളോ ചികിത്സയോ തേടാത്ത ഇവര്‍ സ്വാഭാവികമായി സമൂഹത്തില്‍ ഇടപെടുന്നതോടെ രോഗവ്യാപനം കൂടി സംഭവിക്കുകയാണ്. ഒളിച്ചിരിക്കുന്ന രോഗവും പേറി നടക്കുന്ന രോഗികളുടെ എണ്ണം പല പ്രദേശങ്ങളിലും കോവിഡ് 19 ബാധിച്ച രോഗികളുടെ 17 ശതമാനം മുതല്‍ അമ്പത് ശതമാനം വരെയാണെന്നത് കാര്യങ്ങളുടെ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു.

Leave A Reply